തലശ്ശേരി: പിഴവോ, അടവോ...?
text_fieldsകണ്ണൂർ: തലശ്ശേരിയിൽ ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാതായത് കേവലം കൈപ്പിഴയോ...? ഒത്തുകളിയോ...? ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസിെൻറ നാമനിർദേശപത്രിക വരണാധികാരി തള്ളിയതിന് പിന്നാലെ, ആരോപണപ്രത്യാരോപണങ്ങൾ കൊഴുക്കുകയാണ്. അതേസമയം, അങ്കം മുറുകും മുേമ്പ ജില്ല പ്രസിഡൻറിന് അങ്കക്കച്ച അഴിക്കേണ്ടിവന്ന സാഹചര്യം വിശദീകരിക്കാനാകാത്ത നിലയാണ് ബി.ജെ.പി.
പുതിയ സാഹചര്യത്തിൽ ബി.ജെ.പി വോട്ട് എങ്ങോട്ടുപോകുമെന്നതിലാണ് ഇടതുവലത് മുന്നണികളുടെ കണ്ണ്. കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുകളുള്ള മണ്ഡലമാണ് തലശ്ശേരി. 22,215 വോട്ടാണ് 2016ൽ ബി.ജെ.പി സ്ഥാനാർഥി വി.കെ. സജീവൻ നേടിയത്. യു.ഡി.എഫിനുവേണ്ടി മത്സരിച്ച, അന്ന് കോൺഗ്രസിലായിരുന്ന എ.പി. അബ്ദുല്ലക്കുട്ടി 36,624 വോട്ട് നേടി രണ്ടാമതെത്തി. 34,117 വോട്ടുകളാണ് ഷംസീറിന് ലഭിച്ച ഭൂരിപക്ഷം. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷനാണ് ഇക്കുറി തലശ്ശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി.
വി.ആർ. കൃഷ്ണയ്യരും നായനാറും കോടിയേരി ബാലകൃഷ്ണനുമൊക്കെ ജയിച്ചുവന്ന തലശ്ശേരി ഉറച്ച ഇടതുമണ്ഡലമാണ്. സ്ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ബി.ജെ.പിയുടെ വോട്ട് കാര്യമായതോതിൽ കോൺഗ്രസിന് ലഭിച്ചേക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷത്തിെൻറ പാർട്ടിഗ്രാമങ്ങൾ ഏറെയും തലശ്ശേരി മണ്ഡലത്തിലാണ്. സി.പി.എമ്മിനോട് ഏറ്റുമുട്ടിനിൽക്കുന്ന ബി.ജെ.പി-ആർ.എസ്.എസുകാരുടെ വോട്ടുകൾ ബി.ജെ.പി സ്ഥാനാർഥി ഇല്ലെങ്കിൽ ലഭിക്കാൻ സാധ്യത കോൺഗ്രസിനാണ്.
അപ്പോഴും ബി.ജെ.പിക്ക് 2016ൽ ആകെ കിട്ടിയ വോട്ടിനെക്കാൾ 11,000 വോട്ട് കൂടുതൽ വോട്ടിെൻറ ഭൂരിപക്ഷം സി.പി.എമ്മിനുണ്ട്. എങ്കിലും, 1960ൽ പി. കുഞ്ഞിരാമൻ ജയിച്ചതിൽ പിന്നെ കോൺഗ്രസിന് പച്ചതൊടാൻ കഴിഞ്ഞിട്ടില്ലാത്ത തലശ്ശേരിയിൽ വലിയ പ്രതീക്ഷവെക്കുകയാണ് കോൺഗ്രസ്. രണ്ടാമങ്കം കുറിക്കുന്ന ഷംസീറിന് പഴയ പ്രതിച്ഛായ ഇപ്പോഴില്ല. കോൺഗ്രസ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷൻ പൊതുവിൽ ജനകീയനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.