ജനമൊഴുകി; തലശ്ശേരി-മാഹി ബൈപാസ് നാടിന് സമര്‍പ്പിച്ചു
text_fieldsതലശ്ശേരി: നിറഞ്ഞൊഴുകിയ ജനത്തെ സാക്ഷിയാക്കി തലശ്ശേരി-മാഹി ബൈപാസ് നാടിന് സമര്‍പ്പിച്ചു. നാലര പതിറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പിനാണ് സ്വപ്നപാത യാഥാർഥ്യമായതോടെ വിരാമമായത്. ഉദ്ഘാടനം കഴിഞ്ഞതോടെ ബൈപാസ് വഴി കൂടുതൽ വാഹനങ്ങൾ ഓടിത്തുടങ്ങി. തലശ്ശേരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരങ്ങളാണ് ബൈപാസ് ഉദ്ഘാടനത്തിന്റെ ഭാഗമായി ചോനാടത്ത് ഒരുക്കിയ സദസ്സിലേക്ക് തിങ്കളാഴ്ച രാവിലെ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ശേഷം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെയും നേതൃത്വത്തില്‍ കെ.എസ്.ആര്.ടി.സി ഡബ്ള്‍ ഡെക്കര്‍ ബസിൽ ബൈപാസ് റോഡിലൂടെ സവാരി നടത്തി. ചോനാടത്തുനിന്ന് ആരംഭിച്ച് ബൈപാസ് അവസാനിക്കുന്ന മുഴപ്പിലങ്ങാടെത്തി തിരിച്ചുമായിരുന്നു അവരുടെ യാത്ര. വിവിധ കലാപരിപാടികളോടെയാണ് ചടങ്ങിന് തുടക്കമായത്.
കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണ് ബൈപാസ്. ധര്‍മടം, തലശ്ശേരി, എരഞ്ഞോളി, തിരുവങ്ങാട്, കോടിയേരി, ചൊക്ലി, മാഹി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. 1516 കോടി രൂപയിലേറെ ചെലവിട്ടാണ് ബൈപാസിന്റെ നിര്‍മാണം. പാലയാടുനിന്ന് തുടങ്ങി തലശ്ശേരി നിട്ടൂർ ബാലം വഴി 1170 മീറ്റര്‍ നീളുന്ന പാലം ഉള്‍പ്പെടെ നാലു വലിയ പാലങ്ങള്‍, അഴിയൂരില്‍ റെയില്‍വേ മേല്‍പാലം, നാലു വലിയ അണ്ടര്‍പാസുകള്‍, 12 ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, അഞ്ചു സ്മോള്‍ വെഹിക്കിള്‍ അണ്ടര്‍പാസുകള്‍, ഒരു വലിയ ഓവര്‍പാസ് എന്നിവ തലശ്ശേരി- മാഹി ബൈപാസില്‍ ഉള്‍പ്പെടുന്നു. ദേശീയപാത 66ന്റെ ഭാഗമായി ബാലം പാലത്തിനും പള്ളൂര്‍ സ്പിന്നിങ് മില്‍ ജങ്ഷനുമിടയില്‍ കൊളശ്ശേരിക്ക് സമീപം താൽക്കാലിക ടോള്‍പ്ലാസയും ഒരുക്കി. 1977ല്‍ ആരംഭിച്ച സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. ചടങ്ങിൽ തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.കെ. രവി (ധര്‍മടം), എം.പി. ശ്രീഷ (എരഞ്ഞോളി) വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തിനു മുമ്പേ ടോൾ പിരിവ് തുടങ്ങി
കണ്ണൂർ: തലശ്ശേരി-മാഹി ബൈപാസ് ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് ടോൾ പിരിവ് തുടങ്ങി. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ടോൾ ഈടാക്കിത്തുടങ്ങി. ദേശീയപാത അതോറിറ്റിയുടെ വിജ്ഞാപന പ്രകാരമാണ് രാവിലെ മുതൽ ടോൾ പിരിവ് തുടങ്ങിയതെന്നാണ് വിവരം. കൊളശ്ശേരിയിലാണ് ടോൾ പ്ലാസ ഒരുക്കിയത്. വരികളായി വാഹനങ്ങൾക്കു ടോൾ നൽകി കടന്നുപോകാൻ സൗകര്യമുണ്ട്. ഫാസ് ടാഗ് സംവിധാനം വഴിയാണ് ടോൾ പിരിവ്. ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ നിരക്കിന്റെ ഇരട്ടി തുക നൽകണം. ഫാസ്ടാഗ് എടുക്കാനുള്ള സൗകര്യം ടോൾ പ്ലാസയിൽ ലഭ്യമാക്കുമെന്ന് കരാർ കമ്പനിയായ എവി എന്റർപ്രൈസസ് അധികൃതർ അറിയിച്ചു. ഇരുചക്രവാഹനങ്ങൾക്കും മുച്ചക്രവാഹനങ്ങൾക്കും ടോൾ നൽകേണ്ടതില്ല. പ്രാദേശിക യാത്രക്കാർക്കും ടോൾ നിരക്കിൽ ഇളവുണ്ട്. ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാസം 330 രൂപക്ക് പാസ് ലഭിക്കും. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കല്യാശ്ശേരിയിൽ ടോൾ പ്ലാസ ഒരുങ്ങുന്നുണ്ട്. 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ പിരിവെന്നാണ് നയം. ആറുവരി ദേശീയപാത നിർമാണം പൂർത്തിയായാൽ മാഹി ബൈപാസിലെ ടോൾ പിരിവ് ഒഴിവായേക്കും.
സര്‍ക്കാറിന് വികസനം ബോക്സിങ് മത്സരമല്ല -മന്ത്രി മുഹമ്മദ് റിയാസ്
തലശ്ശേരി: വികസന പ്രവര്‍ത്തനങ്ങളെ ബോക്സിങ് മത്സരമായല്ല സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച് നിന്നാല്‍ മാത്രമേ വികസനം സാധ്യമാവൂ. തലശ്ശേരി-മാഹി ബൈപാസ് ഉദ്ഘാടനത്തിന്റെ ഭാഗമായി തലശ്ശേരി ചോനാടത്ത് ഒരുക്കിയ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത വികസനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ചുനിന്നതിനാലാണ് യാഥാര്‍ഥ്യമാകുന്നത്. ചരിത്രത്തില്‍ ആദ്യമായി ദേശീയപാത വികസനത്തിനായി ഫണ്ട് അനുവദിച്ച സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഇതുപോലെ കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയും അനുഭാവപൂര്‍വമായ രീതിയിലാണ് എല്ലാ സമയത്തും ഇടപെട്ടത്. ദേശീയപാത വികസനം വേഗത്തില്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ച കൂടുമ്പോള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് അവലോകനം നടത്തിയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
47 വർഷത്തെ ജനതയുടെ സ്വപ്നമാണ് തലശ്ശേരി-മാഹി ബൈപാസിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പദ്ധതി സഫലമാക്കുന്നതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും പ്രത്യേക പ്രശംസ അർഹിക്കുന്നതായി സ്പീക്കർ പറഞ്ഞു. തലശ്ശേരി-മാഹി ബൈപാസിന്റെ പേര് ചിലര്‍ ബോധപൂര്‍വം മാറ്റാന്‍ ശ്രമിച്ച് തലശ്ശേരി നഗരത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.