തലശ്ശേരി-മാഹി ബൈപാസ് മാർച്ചിൽ പൂർത്തീകരിക്കും -മന്ത്രി റിയാസ്
text_fieldsതലശ്ശേരി: മാഹി ബൈപാസ് 2023 മാർച്ചിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിട്ടൂർ ബാലം, മുഴപ്പിലങ്ങാട്, താഴെചൊവ്വ എന്നിവിടങ്ങളിൽ ദേശീയപാത നിർമാണ പ്രവൃത്തികൾ പരിശോധിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയേറ്റടുക്കുന്നത് മുതൽ ദേശീയപാത വികസനത്തിനായി ഫലപ്രദമായ ഇടപെടാലാണ് സംസ്ഥാന സർക്കാർ നടത്തിയത്. 5580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാൻ വിനിയോഗിച്ചത്. രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാത വികസന പ്രവൃത്തികൾ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലാതല പരിശോധന വേറെ നടത്തും. മുഖ്യമന്ത്രിയും പരിശോധനയിൽ പങ്കെടുക്കും.
വടകര മുതൽ കണ്ണൂർ ജില്ലയിലാകെ നിയമസഭ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2024ഓടെ കണ്ണൂർ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികൾ പരിപൂർണമായും പൂർത്തിയാക്കാൻ കഴിയും. കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറ് വരി പാത വികസനം 2025 ഓടെ പൂർത്തീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരുമായി പ്രത്യേക ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.