ഖമറുദ്ദീൻ ജ്വല്ലറി തുടങ്ങിയത് കവർച്ച നടത്തിയ സ്വർണം ഉപയോഗിച്ചെന്ന് തലശ്ശേരി മർജാൻ ജ്വല്ലറി ഉടമ
text_fieldsകണ്ണൂർ: തലശ്ശേരിയിലെ മർജാൻ ഗോൾഡിൽനിന്ന് കവർന്ന സ്വർണം ഉപയോഗിച്ചാണ് എം.സി. ഖമറുദ്ദീൻ എം.എൽ.എ ഫാഷൻ ഗോൾഡ് തുടങ്ങിയതെന്ന് മർജാൻ ജ്വല്ലറി ഉടമയായിരുന്ന കെ.കെ. ഹനീഫ. തെൻറ ജ്വല്ലറിയിൽ നിന്ന് 25 കിലോ സ്വർണമാണ് ഖമറുദ്ദീൻ കവർന്നതെന്നും അദ്ദേഹം ചാനലുകളോട് പറഞ്ഞു.
പട്ടാപ്പകൽ ഗുണ്ടാ സംഘങ്ങളെ കൊണ്ടുവന്നാണ് ഖമറുദ്ദീൻ മർജാൻ ഗോൾഡിൽ നിന്ന് സ്വർണം കവർന്നതെന്നും 2007 ഒക്ടോബർ 26ന് വൈകീട്ടായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് വിപണിയിൽ 13 കോടിയോളം രൂപ വിലവരുന്ന ഈ സ്വർണം ഉപയോഗിച്ചാണ് ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ പറഞ്ഞു.
ഹനീഫ ഉൾപ്പെടെയുള്ള പാർട്ട്ണർമാരുടെ പരാതിയെ തുടർന്ന് ഖമറുദ്ദീൻ ഉൾപ്പെടെ 20 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്തുതീർപ്പാക്കുന്നതിന് വേണ്ടി ഖമറുദ്ദീൻ 17 ലക്ഷം രൂപക്ക് ഇവരുമായി കരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ, പിന്നീട് വണ്ടിച്ചെക്ക് നൽകിയും ഖമറുദ്ദീൻ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു.
സാമ്പത്തിമായി തകർന്നതിനെ തുടർന്ന് പിന്നീട് മർജാൻ ജ്വല്ലറി അടച്ചുപൂട്ടി, സ്വർണക്കച്ചവടം തന്നെ അവസാനിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം ചാനലുകളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.