ബി.ജെ.പി പിന്തുണ വേണ്ടെന്ന് തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ
text_fieldsകണ്ണൂർ: നാമനിർദേശ പത്രിക തള്ളിപ്പോയതിനെ തുടർന്ന് ബി.ജെ.പിക്ക് സ്ഥാനാർഥി ഇല്ലാതായ തലശ്ശേരി മണ്ഡലത്തിൽ വീണ്ടും ട്വിസ്റ്റ്. ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ, പിന്തുണ വേണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തി. ഇതോടെ കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള തലശ്ശേരി മണ്ഡലത്തിൽ ബി.ജെ.പിക്ക് പേരിനുപോലും സ്ഥാനാർഥി ഇല്ലാതായി. നേരത്തെ, ബി.ജെ.പി അടക്കം ആരുടെയും പിന്തുണ സ്വീകരിക്കുമെന്ന് സി.ഒ.ടി. നസീർ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് െക. സുരേന്ദ്രൻ, സി.ഒ.ടി. നസീറിനെ പിന്തുണക്കുമെന്ന് അറിയിച്ചത്. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിദാസിെൻറ പത്രികയാണ് തലശ്ശേരിയിൽ തള്ളിപ്പോയത്. സി.ഒ.ടി. നസീറിന് പിന്തുണ പ്രഖ്യാപിച്ച് മുഖം രക്ഷിക്കാൻ നടത്തിയ നീക്കവും ഇതോടെ പാളി.
അതേസമയം, വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, 22,000ത്തിലേറെ വരുന്ന ബി.ജെ.പി വോട്ട് എങ്ങോട്ടുപോകുമെന്ന ആകാംക്ഷ തലശ്ശേരിയിലെ മത്സരം ചൂടേറിയതാക്കി. സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ എ.എൻ. ഷംസീറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി. അരവിന്ദാക്ഷനാണ് യു.ഡി.എഫ് സ്ഥാനാർഥി.
സി.പി.എം മുൻ നഗരസഭ കൗൺസിലറായിരുന്ന സി.ഒ.ടി. നസീർ എ.എൻ. ഷംസീറുമായി ഉടക്കിയാണ് പാർട്ടിയിൽനിന്ന് പുറത്തായത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പി. ജയരാജനെതിരെ സ്വതന്ത്രനായി മത്സരിച്ച സി.ഒ.ടി. നസീറിനുനേരെ നടന്ന വധശ്രമത്തിനുപിന്നിൽ എ.എൻ. ഷംസീറാണെന്ന് ആരോപണമുണ്ട്. ഈ പശ്ചാത്തലത്തിലാണ് നസീർ തലശ്ശേരിയിൽ ഷംസീറിനെതിരെ മത്സരരംഗത്തുവന്നത്. എന്നാൽ, സി.ഒ.ടി. നസീറിനൊപ്പം നിൽക്കുന്നവരുടെ ഗ്രൂപ്പിൽ, ബി.ജെ.പി പിന്തുണ സ്വീകരിക്കുന്നതിൽ കാര്യമായ എതിർപ്പുയർന്നിരുന്നു.
തീരുമാനം ഉടനെന്ന് ബി.ജെ.പി
സി.ഒ.ടി. നസീർ പരസ്യമായി ആവശ്യപ്പെടുകയും നേതാക്കളെ ബന്ധപ്പെടുകയും ചെയ്തതിനാലാണ് ബി.ജെ.പി പിന്തുണ നൽകിയതെന്ന് ജില്ല ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ.
ഇപ്പോൾ പിന്തുണ വേണ്ടെന്നു പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഞങ്ങളുടെ വോട്ട് വേണ്ടെങ്കിൽ വേണ്ട. ഇനി എന്തു വേണമെന്ന് നേതൃത്വം ആലോചിച്ച് തീരുമാനിക്കും.
തലശ്ശേരിയിൽ ബി.ജെ.പി വോട്ട് കോൺഗ്രസിനും സി.പി.എമ്മിനും കിട്ടില്ലെന്നും വിനോദ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.