തലശേരി കലാപം: സി.പി.എം കെട്ടുകഥ പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതല്ലേ എന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: തലശ്ശേരി കലാപകാലത്ത് മുസ്‌ലിം പള്ളിക്ക് കാവലിരുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശത്തിനെതിരെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. തലശേരി കലാപം സംബന്ധിച്ച സി.പി.എം കെട്ടുകഥ കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന പി.ടി തോമസ് നിയമസഭയില്‍ പൊളിച്ചടുക്കിയതല്ലേ എന്ന് വി.ഡി. സതീശൻ ചോദിച്ചു.
പി.ടിയുടെ പ്രസംഗം ഇപ്പോഴും സഭാ രേഖയിലുണ്ടല്ലോ? കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് വിതയത്തിലിന്റെ റിപ്പോര്‍ട്ടിലോ 1972 ഫെബ്രുവരി 22ന് പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ പേരു പോലും ഉണ്ടായിരുന്നില്ലല്ലോ?. സത്യം ഇതായിരിക്കെ ആരെ കബളിപ്പിക്കാനാണ് സി.പി.എം ഇപ്പോഴും തലശേരി കലാപത്തെ ഉപയോഗിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തലശ്ശേരി കലാപകാലത്ത് പള്ളിക്ക് കാവലിരുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. മെരുവമ്പായി പള്ളി തകർക്കാൻ വന്ന ആർ.എസ്.എസുകാരെ തടഞ്ഞതിനാണ് യു.കെ. കുഞ്ഞിരാമനെ അവർ കൊലപ്പെടുത്തിയത്. തലശ്ശേരി കലാപത്തിൽ വീടും സ്വർണവും നഷ്ടപ്പെട്ടവരുണ്ട്. ജീവൻ നഷ്ടപ്പെട്ടത് സി.പി.എമ്മിന് മാത്രമാണ്. ഞങ്ങൾ പള്ളിക്ക് കാവൽ നിന്നപ്പോൾ ശാഖക്ക് കാവൽ നിന്നവരാണ് കോൺഗ്രസുകാർ എന്നും പിണറായി വിജയൻ ആരോപിച്ചിരുന്നു.
തലശ്ശേരി കലാപം നടന്നപ്പോൾ മുസ്‌ലിം പള്ളി സംരക്ഷിക്കാൻ വേണ്ടി ആര്‍.എസ്.എസുകാരെ തടഞ്ഞ പാർട്ടി പ്രവർത്തകനായ കെ. കുഞ്ഞിരാമൻ രക്തസാക്ഷിയായെന്നാണ് സി.പി.എം അവകാശപ്പെട്ടിരുന്നത്. തലശ്ശേരി കലാപത്തിനിടെയല്ല കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടതെന്നും കള്ളുഷാപ്പില്‍ നടന്ന തര്‍ക്കത്തിനിടെയാണെന്നും നിയമസഭയിലെ പ്രസംഗത്തിനിടെ പി.ടി. തോമസ് പറഞ്ഞത്.
കലാപത്തെ സംബന്ധിച്ച് ജസ്റ്റിസ് ജോസഫ് വിതയത്തില്‍ കമീഷന്‍റെ റിപ്പോര്‍ട്ടിലോ നിയമസഭയില്‍ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലോ കുഞ്ഞിരാമന്റെ മരണത്തെ കുറിച്ച് പറഞ്ഞിട്ടില്ല. പിന്നീടെങ്ങനെയാണ് മുസ്‌ലിം പള്ളി സംരക്ഷിക്കാന്‍ വേണ്ടി കുഞ്ഞിരാമന്‍ രക്തസാക്ഷിയായി എന്ന് വന്നതെന്നും പിടി.തോമസ് ചോദിച്ചു.
പി.ടി. തോമസ് നിയമസഭയിൽ പറഞ്ഞത്:
'തലശ്ശേരി കലാപം നടന്നത് 1971 ഡിസംബര്‍ 28 മുതല്‍ 31 വരെയാണ്. അതിന് ശേഷം അഞ്ച് ദിവസം കഴിഞ്ഞ് ജനുവരി 5നാണ് കുഞ്ഞിരാമന്‍ കൊല്ലപ്പെടുന്നത്. 525 എഫ്.ഐ.ആറുകള്‍ ജസ്റ്റിസ് വിതയത്തില്‍ കമീഷന്‍റെ റിപ്പോര്‍ട്ടിലുണ്ട്. അതില്‍ കെ. കുഞ്ഞിരാമന്റെ മരണം രേഖപ്പെടുത്തിയിട്ടില്ല.
ഇപ്പോഴത്തെ മുഖ്യമന്ത്രിയും അന്നത്തെ എം.എല്‍.എയുമായിരുന്ന പിണറായി വിജയന്‍ സഭയില്‍ ചെയ്ത പ്രസംഗത്തില്‍ പോലും ഈ സംഭവം പരാമര്‍ശിച്ചിട്ടില്ല. പിന്നീടെങ്ങനെയാണ് മുസ്‌ലിം പള്ളി സംരക്ഷിക്കാന്‍ കുഞ്ഞിരാമന്‍ കൊല്ലപ്പെട്ട കഥയുണ്ടായതെന്നും പി.ടി തോമസ് ചോദിച്ചു.
സി.പി.എമ്മിന്‍റെ മുസ്‌ലിം പ്രേമം കാപട്യമാണ്. പതിനേഴ് മുസ്‌ലിം പള്ളികള്‍ പൊളിക്കപ്പെട്ടത് കമ്യൂണിസ്റ്റുകാര്‍ മാത്രമുള്ള പ്രദേശത്താണ്.'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.