താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: തുരങ്കപാത നിർമാണം പരിഗണനയിൽ
text_fieldsകോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ടണൽ റോഡ് നിർമാണം പരിഗണനയിൽ. രണ്ട് തുരങ്ക പാതകളുടെ നിർമാണ പദ്ധതികളാണ് പരിഗണനയിലുള്ളത്. ചുരം റോഡ് നവീകരണത്തിനായി സ്ഥിരം സംവിധാനമുണ്ടാക്കാനും കലക്ടറേറ്റിൽ നടന്ന താമരശ്ശേരി ചുരം റോഡ് അവലോകന യോഗത്തിൽ തീരുമാനമായി. മരുതിലാവ്- വൈത്തിരി- കൽപറ്റ, ആനക്കാംപൊയിൽ-കള്ളാടി -മേപ്പാടി ഭൂഗർഭ പാതകളുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് േപ്രാജക്ട് റിപ്പോർട്ട്) കൊങ്കൺ റെയിൽവേയുടെ സഹായത്തോടെ ഉണ്ടാക്കി സർക്കാറിന് സമർപ്പിക്കുമെന്നും പദ്ധതിക്കായി കിഫ്ബിയിൽ പണം കണ്ടെത്തുന്ന കാര്യം ധനമന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും ജോർജ് എം. തോമസ് എം.എൽ.എ യോഗത്തിൽ അറിയിച്ചു.
ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി ടണൽ റോഡിന് ആറര കിലോമീറ്റർ ദൈർഘ്യമുണ്ടായിരിക്കും. മരുതിലാവ് -വൈത്തിരി വരെ ആറു കിലോമീറ്ററും കൽപറ്റ വരെയുള്ള ടണൽ റോഡിന് 13 കിലോമീറ്ററും ദൈർഘ്യമുണ്ടായിരിക്കും. പദ്ധതി യാഥാർഥ്യമാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാറിെൻറതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 14,000 വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഉത്സവ സീസണുകളിൽ 20,000 വാഹനങ്ങൾ വരെയുണ്ടാകും. കുഴികൾ അതത് സമയത്തുതന്നെ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ സൗകര്യമുണ്ടാക്കാനും തീരുമാനിച്ചു.
വനംവകുപ്പിൽനിന്ന് 0.98 ഹെക്ടർ ഭൂമി വിട്ടുകിട്ടുന്ന മുറക്ക് റോഡ് വീതികൂട്ടൽ പ്രവൃത്തി ആരംഭിക്കും. ഭൂമി വിട്ടുകിട്ടാനുള്ള നടപടികളെല്ലാം അന്തിമഘട്ടത്തിലായിട്ടുണ്ടെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. 11 മീറ്റർ നീളമുള്ള സ്കാനിയ ബസുകൾ കടന്നുപോകുന്നത് ചുരം റോഡിന് ആഘാതമേൽപിക്കുന്നുണ്ട്. അതത് സമയത്ത് ചുരത്തിലെ കാനകൾ വൃത്തിയാക്കാത്തതുമൂലം മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി റോഡ് കേടാവുന്നത് തടയാൻ നടപടി സ്വീകരിക്കും. ചുരത്തിൽ വ്യൂ പോയൻറിലുൾപ്പെടെ വാഹന പാർക്കിങ് നിരോധിച്ചിട്ടുണ്ട്.
പി.ഡബ്ല്യു.ഡി പ്രിൻസിപ്പൽ സെക്രട്ടറി ജി. കമല വർധന റാവു, പി.ഡബ്ല്യു.ഡി. എൻ.എച്ച് സൂപ്രണ്ടിങ് എൻജിനീയർ ടി.എസ് സിന്ധു, പി.ഡബ്ല്യു.ഡി എൻ.എച്ച് എക്സിക്യൂട്ടിവ് എൻജിനീയർ വിനയരാജ്, പി.ഡബ്ല്യു.ഡി എൻ.എച്ച് ചീഫ് എൻജിനീയർ പി.ജി. സുരേഷ്, വയനാട് എ.ഡി.എം കെ.എം. രാജു, പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ. നന്ദകുമാർ, തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.