താമരശ്ശേരി കൊലപാതകം; സംഘത്തിൽ ഉൾപ്പെട്ട പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് പ്രദേശവാസികൾ
text_fieldsമുഹമ്മദ് ഷഹബാസിന്റെ വീട്ടിലെത്തിയ എം.എസ്.എഫ്
സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, പിതാവ് ഇക്ബാലുമായി സംസാരിക്കുന്നു
താമരശ്ശേരി: താമരശ്ശേരിയിൽ പത്താംതരം വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു വിദ്യാർഥികളെ മാത്രമേ ഇതുവരെ പിടികൂടിയിട്ടുള്ളൂ. സംഘത്തിൽ ഉൾപ്പെട്ട പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുഴുവൻ പ്രതികളെയും പിടികൂടുന്നതിന് കൂടുതൽ സമഗ്രമായ അന്വേഷണം അനിവാര്യമാണ്. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി മുസ്ലിം ലീഗ് രംഗത്തെത്തി. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.
വിദ്യാർഥികളായ പ്രതികൾക്ക് മാരകായുധങ്ങൾ എവിടെ നിന്നാണ് കിട്ടിയത് എന്ന കാര്യത്തിൽ വ്യക്തമായ അന്വേഷണം വേണ്ടതുണ്ട്. ഇത്തരം അന്വേഷണത്തിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. അക്രമിസംഘത്തിൽ പുറത്തുനിന്നുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം വേണം. അക്രമിസംഘത്തിന് പുറമേ നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസ് തയാറാവണം. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ ആദ്യദിവസം വിട്ടയച്ച സംഭവവും ചർച്ചയാണ്.
കലാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അക്രമസംഭവങ്ങൾ തടയുന്നതിന് ശക്തമായ നിയമനിർമാണം നടത്താൻ സർക്കാർ തയാറാവണമെന്ന ആവശ്യവും ശക്തമാണ്. വിവിധ രാഷ്ട്രീയ-സാമുദായിക സംഘടനകളും ഷഹബാസിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഷഹബാസിന്റെ മരണത്തിന് പിന്നിൽ മുതിർന്നവരുണ്ടെന്ന പിതാവിന്റെ ആരോപണം അന്വേഷണ വിധേയമാക്കണമെന്ന് കുടുംബത്തെ സന്ദർശിച്ച നാഷനൽ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. നാസർ കോയ തങ്ങൾ, സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ, നാഷനൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. റഷീദ്, ജില്ല ഓർഗനൈസിങ് സെക്രട്ടറി വഹാബ് മണ്ണിൽക്കടവ് എന്നിവർ ആവശ്യപ്പെട്ടു.
ഷഹബാസിന്റെ വീട് അഡ്വ. പി.ടി.എ റഹീം എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ് തുടങ്ങിയവർ സന്ദർശിച്ചു.
ഷഹബാസ് വധത്തിൽ പ്രതികളായവരെ താമരശ്ശേരി ഗവ. ഹൈസ്കൂളിൽ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് താമരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ താമരശ്ശേരി ഡി.ഇ.ഒയെ നേരിൽ കണ്ട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് താമരശ്ശേരി ഡി.വൈ.എസ്.പി, കോരങ്ങാട് ഗവ. സ്കൂൾ പി.ടി.എ ഭാരവാഹികൾ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതായും നേതാക്കൾ പറഞ്ഞു.
വിദ്യാർഥികൾക്ക് ആക്രമണത്തിന് പ്രേരണ നൽകുന്നത് മയക്കുമരുന്നും കൊടിയ അക്രമങ്ങളുടെ കഥ പറയുന്ന സിനിമകളുമാണെന്നും വിദ്യാർഥി സമൂഹത്തെ വഴിതെറ്റിക്കുന്ന ഇത്തരം സിനിമകൾ നിരോധിക്കണമെന്നും ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു. ഷഹബാസിന്റെ പിതാവിനെയും ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു.
കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആവശ്യപ്പെട്ടു. മുഹമ്മദ് ഷഹബാസിന്റെ താമരശ്ശേരിയിലെ വീട്ടിലെത്തി രക്ഷിതാക്കളുമായി പി.കെ. നവാസ് സംസാരിച്ചു. സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക്, വൈസ് പ്രസിഡന്റ് കെ.ടി. റഊഫ്, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം. നസീഫ് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.