താമരശ്ശേരിയിലെ കൊല: യുവതിക്കേറ്റത് 11 വെട്ട്; കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം
text_fieldsകോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭർത്താവ് വെട്ടിക്കൊന്ന ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകൾ. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിനിടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. പ്രതി പുതുപ്പാടി തറോൽമറ്റത്ത് വീട്ടിൽ യാസിർ സ്വബോധത്തോടെയാണ് കൃത്യം നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു. പുതുപ്പാടി കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാൻ-ഹസീന ദമ്പതികളുടെ മകൾ ഷിബിലയാണ് (24) ചൊവ്വാഴ്ച രാത്രി ഭർത്താവിന്‍റെ വെട്ടേറ്റ് മരിച്ചത്.
ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടപ്പാക്കിയതെന്നും, ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ വ്യക്തമായതെന്നും താമരശ്ശേരി പൊലീസ് അറിയിച്ചു. കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രാസലഹരിയുടെയോ മറ്റു ലഹരി വസ്തുക്കളുടേയോ സാന്നിധ്യം യാസിറിന്‍റെ രക്തത്തിലുണ്ടായിരുന്നില്ല.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഷിബിലയുടെ മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറി. ശേഷം ഈങ്ങാപ്പുഴ കരികുളം ത്വാഹാ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. യാസിറിന്‍റെ ആക്രമണത്തിൽനിന്ന് ഷിബിലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന പിതാവ് അബ്ദുറഹ്മാനും മാതാവ് ഹസീനയും ആശുപത്രിയിൽ മകളെ അവസാന നോക്ക് കണ്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.