‘‘ഷഹബാസേ എണീറ്റ് വാ...’’; ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോൾ കൈകൾ വിറച്ച് ഉറ്റവർ...
text_fieldsമുഹമ്മദ് ഷഹബാസിന്റെ മൃതദേഹം താമരശ്ശേരി തൻവീറുൽ ഉലൂം മദ്റസയിൽ പൊതുദർശനത്തിനുവെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവർ (ഇടത്), സുഹൃത്ത് അൻസാഫ് പൊട്ടിക്കരയുന്നു (വലത്) PHOTOS: പി. അഭിജിത്ത്
കോഴിക്കോട്: ‘‘ഷഹബാസേ എണീറ്റ് വാടോ... ഷഹബാസേ എണീറ്റ് വാ...’’ തങ്ങളുടെ നിഴലായി കളിച്ചുനടന്ന ഷഹബാസിന്റെ മൃതദേഹം ചുങ്കം തൻവീറുൽ ഉലൂം മദ്റസയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കളിക്കൂട്ടുകാർക്ക് നിയന്ത്രിക്കാനായില്ല. ഷഹബാസ് ഇനി തങ്ങളുടെ കൂടെയുണ്ടാവില്ലെന്നത് ഉൾക്കൊള്ളാൻ കഴിയാതെ അവർ പൊട്ടിക്കരഞ്ഞു. പലരും നിയന്ത്രണംവിട്ടു. ചുങ്കം കെടവൂർ ജുമാമസ്ജിദിലെ അന്ത്യനിദ്രക്കായി ഒരുക്കിയ ഖബറിലേക്ക് മണ്ണ് വാരിയിടുമ്പോൾ അധ്യാപകരുടെയും ബന്ധുക്കളുടെയും ചങ്കുപിടഞ്ഞ്, കൈകൾ വിറച്ചു.
തങ്ങൾ ഇന്നുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ദുരന്തത്തിന്റെ ഞെട്ടൽ ഉൾക്കൊള്ളാൻ അവർക്കു കഴിഞ്ഞിരുന്നില്ല. തങ്ങളുടെ കുഞ്ഞുമക്കൾക്ക് സമപ്രായക്കാരോട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് അവർ പരസ്പരം ചോദിച്ചുകൊണ്ടിരുന്നു. മക്കളെ ഗുണദോഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞ് നെടുവീർപ്പിടുകയായിരുന്നു മറ്റുചിലർ. അടുത്ത ബന്ധുക്കളും സഹപാഠികളും പ്രതികരിക്കാൻ പോലും കഴിയാത്ത വിധം വികാരഭരിതരായി.
സമപ്രായക്കാരുമായും മറ്റും അതിവിപുലമായ സുഹൃദ് ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഷഹബാസിനെ ഒരു നോക്കുകാണാൻ സ്കൂളിൽനിന്നും ട്യൂഷൻ സെന്ററിൽനിന്നും നൂറുകണക്കിന് വിദ്യാർഥികൾ വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വെച്ച ചുങ്കം തൻവീറുൽ ഉലൂം മദ്റസയിലും എത്തിയിരുന്നു. മർദന വിവരം അറിഞ്ഞതു മുതൽ ഷഹബാസിന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച നാട് മരണവിവരം അറിഞ്ഞതോടെ നിശ്ശബ്ദമായിരുന്നു. പി.സി മുക്കിലെ വാടക വീട്ടിലേക്കും ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിലേക്കും അണമുറിയാത്ത ജനപ്രവാഹമായിരുന്നു. അധ്യാപകരും സഹപാഠികളും നാട്ടുകാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവർ അക്കൂട്ടത്തിലുണ്ടായിരുന്നു.
ഷഹബാസിന്റെ ഉപ്പയെയും ഉമ്മയെയും സഹോദരങ്ങളെയും പി.സി മുക്കിലെ വാടകവീട്ടിൽനിന്ന് ഉച്ചയോടെയാണ് ചുങ്കം പാലോറക്കുന്ന് തറവാട്ടുവീട്ടിലേക്ക് എത്തിച്ചത്. സങ്കടക്കടലായ ചുങ്കത്തെ തറവാട്ടു വീട്ടിലേക്ക്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം 3.15ഓടെയാണ് ഷഹബാസിന്റെ ചേതനയറ്റ ശരീരം എത്തിച്ചത്. സ്ത്രീകൾക്കും അടുത്ത ബന്ധുക്കളെയും സന്ദർശനത്തിനുശേഷം 3.40ഓടെ മയ്യിത്ത് നമസ്കാരത്തിനായി ചുങ്കം ടൗൺ ജുമാമസ്ജിദിലേക്ക് പുറപ്പെട്ടു. 3.50ന് മയ്യിത്ത് നമസ്കാരത്തിനുശേഷം നാലു മണിയോടെ പൊതുദർശനത്തിനായി ചുങ്കം കെടവൂർ തൻവീറുൽ ഉലൂം മദ്റസയിൽ എത്തിച്ചു. ഷഹബാസിനെ അവസാന നോക്ക് കാണാനായി ആയിരക്കണക്കിന് പേർ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അരമണിക്കൂറോളം പൊതുദർശനത്തിനു വെച്ചശേഷം തൊട്ടടുത്ത കെടവൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നജീബ് കാന്തപുരം, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ തുടങ്ങിയവരും ഷഹബാസിന് അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.