വയനാട് ചുരത്തിൽ ഗതാഗതം നിരോധിച്ചു
text_fieldsകോഴിക്കോട്: വയനാട് ചുരം റോഡിൽ ചിപ്പിലിത്തോടിന് സമീപം മണ്ണിടിഞ്ഞതിനാൽ ഗതാഗതം പൂർണമായി നിരോധിച്ചതായി കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. കെ.എസ്.ആർ.ടി.സി കോഴിക്കോട്ടുനിന്നും വയനാട്ടിൽനിന്നും ചിപ്പിലിത്തോട് വരെ സർവിസ് നടത്തും. അറിയിപ്പുണ്ടാകുന്നതുവരെയാണ് ഇതു വഴി ലൈറ്റ് വെയ്റ്റ് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചത്. കോഴിക്കോട്ടുനിന്നുള്ള വാഹനങ്ങൾക്ക് അടിവാരം വരെ വരാം. സ്വകാര്യ ബസുകൾ വയനാട് ചുരം റൂട്ടിൽ അറിയിപ്പുണ്ടാകുന്നതുവരെ സർവിസ് നടത്താൻ പാടില്ലെന്നും കലക്ടർ അറിയിച്ചു.
കെ.എസ്.ആർ.ടി.സി ഷട്ടിൽ സർവിസ് ആരംഭിച്ചു
വൈത്തിരി: ചുരം റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് നിലച്ച ബസ് സർവിസ് ഭാഗികമായി പുനരാരംഭിച്ചു. കെ.എസ്.ആർ.ടിസിയുടെ ഷട്ടിൽ സർവിസുകൾ ഞായറാഴ്ച ഓടിത്തുടങ്ങി. ശനിയാഴ്ച ചിപ്പിലിത്തോട് നടന്ന മന്ത്രിതല യോഗത്തിലാണ് ഷട്ടിൽ സർവിസ് ആരംഭിക്കാൻ തീരുമാനമെടുത്തത്.
കോഴിക്കോട്ടുനിന്നുള്ള ബസുകൾ ചിപ്പിലിത്തോട് യാത്ര അവസാനിപ്പിക്കും. വയനാട്ടിലെ ബത്തേരി, മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ റോഡ് ഇടിഞ്ഞതിനു സമീപത്തെ ഹോട്ടൽ പരിസരത്തും യാത്ര അവസാനിപ്പിക്കും. യാത്രക്കാർ ഇവിടുന്ന് ബസ് മാറിക്കയറണം. രാവിലെ ഏഴോടെ കോഴിക്കോട്ടു നിന്നെത്തിയ ബസ്, കൽപറ്റയിൽ നിന്നെത്തിയ ബസിലെ യാത്രക്കാരെ കയറ്റി തിരിച്ചുപോയി.
ഇടവിട്ട് എത്തുന്ന ബസുകളിൽ പൊതുവെ നല്ല തിരക്കുണ്ട്. പെരുന്നാൾ അവധിക്കു നാട്ടിൽ പോയവർക്കും വയനാട്ടിൽ ജോലി ചെയ്യുന്ന മറ്റുജില്ലക്കാർക്കും ഷട്ടിൽ സർവിസ് ഏറെ ആശ്വാസകരമായി. ബസിൽ ചിപ്പിലിത്തോട് എത്തുന്നവരെ സഹായിക്കാൻ താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി വളൻറിയർമാരും രംഗത്തുണ്ട്.
ബസുകൾ റദ്ദാക്കി; താമരശ്ശേരിയിലേക്കുള്ള യാത്രക്കാർ വലഞ്ഞു
കോഴിക്കോട്: ചുരം റോഡ് ഇടിഞ്ഞതു കാരണം വയനാട് ചുരത്തിലൂടെയുള്ള ബസ് സർവിസ് കെ.എസ്.ആർ.ടി.സി നിർത്തലാക്കിയതിനാൽ താമരശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാർ വലഞ്ഞു. ശനിയാഴ്ച രാത്രി മാവൂർ റോഡ് ബസ്സ്റ്റാൻഡിൽനിന്ന് താമരശ്ശേരി ഭാഗത്തേക്ക് നാമമാത്ര ബസുകളാണ് പുറപ്പെട്ടത്. രാത്രി പത്തുമണിക്കും വെളുപ്പിന് അഞ്ചിനും ഇടയിൽ ഒറ്റ ബസ് പോലുമില്ലായിരുന്നു. സർവിസ് റദ്ദാക്കിയതിെൻറ പശ്ചാത്തലത്തിൽ അധികൃതർ പകരം സംവിധാനം ഏർപ്പെടുത്തിയുമില്ല.
രാത്രിയിൽ കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി ഭാഗേത്തക്ക് സ്വകാര്യ ബസുകൾ ഇല്ലാത്തതിനാൽ യാത്രക്കാരുടെ ഏക ആശ്രയമായിരുന്നു കെ.എസ്.ആർ.ടി.സി ബസുകൾ. നേരത്തേ, വയനാടു ഭാഗത്തേക്ക് മിക്ക സമയത്തും ടി.ടി, ലിമിറ്റഡ് സ്റ്റോപ്പ്, സൂപ്പർ ഫാസ്റ്റ് ബസുകൾ ഉണ്ടായിരുന്നു. താമരശ്ശേരി ഭാഗത്തേക്കുള്ളവർ കൂടുതലും ഇൗ ബസുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. അതേസമയം, നിപ ബാധയെ തുടർന്ന് നേരത്തേ പല സർവിസുകളും റദ്ദാക്കിയിരുന്നു. അതു കാരണമാകാം യാത്രാ ക്ലേശം ഉണ്ടായതെന്ന് കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.