തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ കൊലപാതകം; പ്രതി പിടിയിൽ
text_fieldsതിരുവനന്തപുരം തമ്പാനൂരിൽ ഹോട്ടലിൽ കയറി ജീവനക്കാരനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. നെടുമങ്ങാട് കല്ലിയോട് സ്വദേശി അജേഷിനെയാണ് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ പ്രതി പാലത്തിൽ ഇരിക്കുമ്പോഴാണ് പിടികൂടിയത്. ഇയാളുടെ സമീപത്തുനിന്ന് കൊല ചെയ്യാൻ ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തിട്ടുണ്ട്.
തമ്പാനൂരിലെ ഹോട്ടലിൽ മുറിയെടുക്കാൻ എത്തിയപ്പോൾ കൊല്ലപ്പെട്ട ജീവനക്കാരനുമായി തർക്കമുണ്ടായെന്നും കൊല്ലപ്പെട്ട അയ്യപ്പൻ ചീത്ത വിളിച്ചെന്നുമാണ് അജേഷ് പറയുന്നത്.
ഒരാഴ്ച മുമ്പാണ് മുറിയെടുത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതെന്നും പ്രതി പറഞ്ഞു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് അജേഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ അജേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് പട്ടാപ്പകലാണ് അരുംകൊല നടന്നത്. ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് രാവിലെ എട്ടരയോടെ ബൈക്കിലെത്തി ആൾ വെട്ടി കൊലപ്പെടുത്തിയത്. രാവിലെ അയ്യപ്പനും ഒരും റൂം ബോയും മാത്രമാണ് ഹോട്ടലിലുണ്ടായത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. എട്ടരയോടെ ബൈക്കിലെത്തിയ അക്രമി ബൈക്ക് പാർക്ക് ചെയ്ത ശേഷം വെട്ടുകത്തിയുമായി ഹോട്ടലിലേക്ക് കയറി.
റിസപ്ഷനിലുണ്ടായിരുന്ന അയ്യപ്പനെ തലുങ്ങും വിലങ്ങും വെട്ടി. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അക്രമത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് വർഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻപത് മാസം മുമ്പാണ് തിരിച്ചെത്തിയത്. നെടുമങ്ങാട് കല്ലിയോട് കൊല്ലായിൽ അജീഷ് ഭവനിൽ അജേഷ് (36) ആണ് പൊലീസ് പിടിയിലായത്. ഭാര്യയുടെ കാമുകനെ കുത്തി പരിക്കേല്പിച്ചതിന് ഇയാൾക്കെതിരെ കേസ് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.