‘സാറേ, എനിക്ക് സ്വസ്ഥമായി കിടന്ന് മരിക്കണം, ഇനിയുള്ള കാലം ജയിലിൽ കഴിയാൻ അനുവദിക്കണം’; 21 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ തങ്കച്ചന്‍റെ വാക്കുകൾ കേട്ട് ജയിൽ സൂപ്രണ്ട് ഞെട്ടി
text_fieldsതിരുവനന്തപുരം: ‘സാറേ, എനിക്ക് സ്വസ്ഥമായി കിടന്ന് മരിക്കണം, ഇനിയുള്ള കാലം ജയിലിൽ കഴിയാൻ അനുവദിക്കണം’. പൂജപ്പുര സെൻട്രൽ ജയിലിൽ വ്യാഴാഴ്ച അപ്രതീക്ഷിതമായി എത്തിയ അന്തേവാസിയുടെ മറുപടി കേട്ട് ജയിൽ സൂപ്രണ്ട് സത്യരാജ് ഞെട്ടി. 21 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ തൊടുപുഴ സ്വദേശി തങ്കച്ചനാണ് തന്‍റെ മുന്നിൽ നിൽക്കുന്നതെന്ന് മനസില്ലാക്കാൻ സത്യരാജിന് അൽപം സമയം വേണ്ടിവന്നു. പഴയ രേഖകള്‍ പരിശോധിച്ച് ശരീരത്തിലെ അടയാളങ്ങള്‍ ഉള്‍പ്പെടെ താരതമ്യം ചെയ്തു. ഒടുവിൽ വന്നത് യഥാർഥ പുള്ളിയാണെന്ന് കണ്ടതോടെ കൈയോടെ പിടിച്ച് അകത്താക്കി.
ഉച്ചയോടെയാണ് 62കാരൻ തങ്കച്ചൻ മരുമകനോടൊപ്പം ജയിലിലെത്തി തന്‍റെ അവസാന ആഗ്രഹം അധികാരികളോട് പറഞ്ഞത്. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് 2000 മാച്ച് 11നാണ് തച്ചങ്കൻ ജയിലിലെത്തിയത്. 2003 മെയ് 26ന് പരോളിലിറങ്ങി മുങ്ങിയതായി ജയിൽ രേഖകളിലുണ്ട്. കഴിഞ്ഞമാസവും തങ്കച്ചനെ കണ്ടെത്താൻ ഇടുക്കി എസ്.പി കത്ത് നൽകിയിരുന്നു. 21 വർഷം പൊലീസിന് പിടികൊടുക്കാതെ വയനാട്ടിലെ വിവിധ തോട്ടങ്ങളിൽ ജോലി ചെയ്തെന്നാണ് തങ്കച്ചൻ പറയുന്നത്.
ഇടക്ക് വീട്ടിലുമെത്തി. അടുത്തിടെ പൊലീസ് സ്ഥിരമായി അന്വേഷിച്ച് വീട്ടിലെത്താൻ തുടങ്ങിയതോടെയാണ് തങ്കച്ചൻ ജയിലിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ചികിത്സയും വിശ്രമുമൊക്കെയായി ശിഷ്ടകാലം ജയിലാകാമെന്നുറച്ചായിരുന്നു തങ്കച്ചന്‍റെ വരവ്. ഇതോടെ 21 വർഷത്തെ തൊടുപുഴ പൊലീസിന്‍റെ തെരച്ചിലിന് അറുതിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.