തനിമ പുരസ്കാരം വിഷ്‌ണുപ്രിയക്ക്
text_fieldsകൊച്ചി: തനിമ കലാസാഹിത്യവേദി കേരളയുടെ പതിനാറാമത് പുരസ്‌കാരത്തിന് പി. വിഷ്ണുപ്രിയയുടെ ‘ഇണക്കമുള്ളവരുടെ ആധി’ എന്ന കവിതാസമാഹാരം തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുവർഷത്തിനിടെ പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരമാണ് ഇത്തവണ പുരസ്കാരത്തിന് പരിഗണിച്ചത്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചെയർമാനും ഡോ. ദീപാമോൾ മാത്യു, ഡോ. ജമീൽ അഹമ്മദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് സിവിൽ സർവിസ് പരീക്ഷാ പരിശീലനം നടത്തുകയാണ് വിഷ്ണുപ്രിയ. അന്വേഷണത്വരയും അനുഭവസത്യസന്ധതയും ഒരുപോലെ ഈ കവിതകളിൽ ഇഴചേർന്നു നിൽക്കുന്നതായി വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. 10,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജനുവരി അവസാനവാരം തിരുവനന്തപുരത്ത് നൽകും. കാസർകോട് ജില്ലയിലെ അമ്പലത്തറ സ്വദേശിയായ വിഷ്ണുപ്രിയ ചിത്രകാരി കൂടിയാണ്.
തനിമ കലാ സാഹിത്യവേദി സംസ്ഥാന പ്രസിഡൻറ് ആദം അയ്യൂബ്, സംസ്ഥാന സെക്രട്ടറിമാരായ സലിം കുരിക്കളകത്ത്, എം.കെ. അൻസാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.