മാലദ്വീപിൽനിന്ന് പാട്ടിലൂടൊരു നന്ദി; താളം പിടിച്ച് ഡോക്ടർമാർ
text_fieldsആലുവ: പരിചിതമല്ലാത്ത ഭാഷയിൽ ഒരു സ്ത്രീ പാട്ട് പാടുന്നത് കേട്ട് രാജഗിരി ആശുപത്രിയിലെ കാൻസർ ഡേ കെയർ വാർഡിലുണ്ടായിരുന്നവർ അമ്പരന്നു. മാലദ്വീപിൽ നിന്നെത്തിയ ഐഷത്താണ് ദിവേഗി ഭാഷയിൽ സ്വന്തമായി തയാറാക്കിയ പാട്ടുമായി ചുറ്റും കൂടിയവരിൽ കൗതുകമുണർത്തിയത്.
അർബുദ രോഗിയായ ഭർത്താവ് മുഹമ്മദ് ഹുസൈന് മികച്ച ചികിത്സ നൽകിയതിന് രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും നന്ദി അറിയിച്ചായിരുന്നു പാട്ട്.
കേരളത്തിലേക്ക് രോഗിയായ ഭർത്താവിനെ കൂട്ടി യാത്ര തിരിക്കുമ്പോൾ ഐഷക്ക് പ്രതീക്ഷയില്ലായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദ്ഗ്ധ ചികിത്സ തേടിയാണ് മുഹമ്മദ് ഹുസൈനും ഐഷത്തും രാജഗിരി ആശുപത്രിയിലെത്തിയത്. സീനിയർ കരൾ രോഗ വിദഗ്ധനായ ഡോ. ജോൺ മെനാച്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കരളിന് അർബുദമാണെന്ന് കണ്ടെത്തി.
കരൾ മാറ്റിവെക്കണമെന്ന് ഡോക്ടർ നിർദേശിച്ചെങ്കിലും, യോജിച്ച ദാതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ, അർബുദം ശ്വാസകോശത്തെയും ബാധിച്ചു. തുടർന്ന് ചികിത്സകളെല്ലാം മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. സഞ്ചു സിറിയക്കിന്റെ നേതൃത്വത്തിലായിരുന്നു. കീമോ ചികിത്സയിലൂടെ രോഗത്തിന്റെ വ്യാപനം പിടിച്ചു നിർത്താൻ കഴിഞ്ഞു.
മൂന്നുമാസത്തെ ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്ത മുഹമ്മദ് ഹുസൈൻ നാട്ടിലേക്ക് മടങ്ങി. തുടർ പരിശോധനക്കായി കഴിഞ്ഞ ദിവസം ഭർത്താവുമൊത്ത് ആശുപത്രിയിലെത്തിയപ്പോഴാണ് ഐഷ പാട്ടുപാടി നന്ദി അറിയിച്ചത്.
ഐഷ വീട്ടിലിരുന്ന് പാടിയ പാട്ട് മകൾ ആമിനത്ത് മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിലിട്ടത് മാലദ്വീപിൽ വലിയ വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.