23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം പൊങ്ങി
text_fieldsതൊടുപുഴ: മരിച്ച ജീവനക്കാരന്റെ ആനുകൂല്യങ്ങൾ നൽകാനും ആശ്രിത നിയമനത്തിനും സർവിസ് ബുക്ക് കാണാനില്ലെന്ന് തടസ്സം പറഞ്ഞ് കബളിപ്പിച്ചത് നീണ്ട 23 വർഷം. ഒടുവിൽ സംസ്ഥാന വിവരാവകാശ കമീഷണർ വിളിച്ച് വിചാരണ ചെയ്തതോടെ രേഖകൾ പുറത്തുവരാൻ വേണ്ടിവന്നത് വെറും 24 മണിക്കൂർ!
ഫയൽ മുങ്ങിയത് ഇടുക്കി ഡി.എം.ഒ ഓഫിസിൽനിന്ന്. വിചാരണ നടന്നത് മലപ്പുറത്ത്. ഫയൽ പൊങ്ങിയത് തിരുവനന്തപുരത്ത്.
മരിച്ച സഹപ്രവർത്തകനോടുപോലും നീതി കാട്ടാത്തവരോട് 24 മണിക്കൂറിനകം സർവിസ് ബുക്ക് ഹാജരാക്കിയില്ലെങ്കിൽ സ്വന്തം സർവിസ് ബുക്കിൽ മോശം റിമാർക്ക് വരുമെന്ന് കമീഷണർ എ. അബ്ദുൽ ഹക്കീം താക്കീത് നൽകിയതോടെ ഇടുക്കി ഓഫിസിൽനിന്ന് സർവിസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥർ തലസ്ഥാനത്തെ ചേംബറിൽ എത്തുകയായിരുന്നു. ഇടുക്കി ഡി.എം.ഒ ഓഫിസിൽ ആരോഗ്യ, വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫിസറായിരുന്ന ജയരാജൻ സർവിസിലിരിക്കെ മരിച്ചത് 2017ൽ. അദ്ദേഹത്തിന്റെ ആനുകൂല്യങ്ങൾക്കായി മലപ്പുറം നിലമ്പൂരിലുള്ള ബന്ധുക്കൾ സമീപിച്ചപ്പോൾ ജയരാജൻ മരിക്കുന്നതിനും 17 വർഷം മുമ്പ് ജയരാജന്റെ സർവിസ് ബുക്ക് കാണാതായെന്ന വിവരമാണ് അറിഞ്ഞത്.
സർവിസ്ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലേക്ക് അയച്ചതിൽ പിന്നെ അത് മടങ്ങി വന്നില്ലെന്നായിരുന്നു ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടി. കഴിഞ്ഞ അഞ്ചുവർഷമായി ബന്ധുക്കൾ നിലമ്പൂരിൽനിന്ന് പൈനാവിലെത്തി പരാതി പറഞ്ഞുകൊണ്ടിരുന്നു. അവസാനം വിവരാവകാശ കമീഷണർ എ. അബ്ദുൽ ഹക്കീമിന്റെ ബഞ്ചിൽ പരാതി എത്തി. കമീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടും ഡി.എം.ഒ ഓഫിസ് സമർപ്പിച്ചില്ല. തുടർന്നായിരുന്നു തെളിവെടുപ്പ്.
2000 ജൂലൈയിൽ തന്നെ ഏജീസ് ഓഫിസിൽനിന്ന് സർവിസ് ബുക്ക് തിരികെ അയച്ചതായും അത് ഇടുക്കി ഡി.എം.ഒ കൈപ്പറ്റിയതായും തെളിവെടുപ്പിൽ കണ്ടെത്തി. 24 മണിക്കൂറിനകം അത് ഹാജരാക്കാൻ കമീഷണർ നിർദേശിച്ചു. ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവിസ് ബുക്ക് ഹെൽത്ത് ഡയറക്ടർക്ക് അയക്കാനും കമീഷണർ ഉത്തരവായി. ജയരാജന്റെ നിയമപ്രകാരമുള്ള അനന്തരാവകാശികൾക്ക് മാത്രം വിവരങ്ങൾ നൽകാനും അപേക്ഷകൻ മൂന്നാം കക്ഷിയായതിനാൽ അദ്ദേഹത്തിന് വിവരങ്ങൾ നൽകേണ്ടതില്ലെന്നും കമീഷണർ വിധിച്ചു. ഇടുക്കി ഡി.എം.ഒ ഓഫിസിലെ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വിവരാവകാശ നിയമ പ്രകാരം നടപടിയെടുക്കാനും ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.