മുഖം മറക്കും ഷർട്ട് ധരിക്കില്ല, പിറകിൽ ബാഗും മാരകായുധവും; നാട്ടുകാരെ വിറപ്പിച്ച 'ഭീകരനായ' കള്ളൻ പിടിയിൽ
text_fieldsതാനൂർ: മൂച്ചിക്കൽ, പത്തമ്പാട് പ്രദേശങ്ങളിൽ ദിവസങ്ങളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവിനെ താനൂർ പൊലീസ് പിടികൂടി. ഒഴൂർ കുട്ടിയമാക്കാനകത്ത് ഷാജഹാനെയാണ് (55) സാഹസികമായി വലയിലാക്കിയത്. കഴിഞ്ഞ ഒക്ടോബർ മുതൽ തുടർച്ചയായി വട്ടത്താണി, മഞ്ഞളംപടി, പത്തമ്പാട്, മൂച്ചിക്കൽ, മീനടത്തൂർ, താനാളൂർ ഭാഗങ്ങളിലെ സി.സി.ടി.വി കാമറകളിലാണ് ഇയാളുടെ ദൃശ്യം പതിഞ്ഞത്. മുഖം മറച്ച്, ഷർട്ട് ധരിക്കാതെ പിറകിൽ ഒരു ബാഗും കൈയിൽ മാരകായുധവുമായി നടക്കുന്നതരത്തിലുള്ള വിഡിയോ ദൃശ്യങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. വിവിധസ്ഥലങ്ങളിലെ നിരീക്ഷണക്കാമറകൾ ഇയാൾ തകർത്തിരുന്നു.
ഒക്ടോബർ 15ന് പുലർച്ച പത്തമ്പാട് റഹീന ക്വാർട്ടേഴ്സിെൻറ ഗ്രിൽ, വാതിൽ എന്നിവ പൊളിച്ച് ബെഡ്റൂമിൽ കയറി പാനാട്ടു മുഹമ്മദ് കുട്ടിയുടെ ഭാര്യയുടെ കഴുത്തിൽനിന്ന് ഒരു പവൻ മാലയും രണ്ട് മൊബൈൽ ഫോണുകളും ഉൾപ്പെടെ 51,000 രൂപയുടെ സാധനങ്ങൾ മോഷണംപോയിരുന്നു. അടുത്തദിവസം പുലർച്ച മൂച്ചിക്കൽ താമസിക്കുന്ന കറ്റത്തിൽ അനൂപിെൻറ വീടിെൻറ പിറകുവശത്തെ ഗ്രിൽസും വാതിലും പൊളിച്ച് ബെഡ്റൂമിൽ ഷെൽഫിനകത്ത് ബാഗിൽ സൂക്ഷിച്ചിരുന്ന 1,70,000 രൂപയും പഴ്സിലുണ്ടായിരുന്ന 6000 രൂപയും മോഷണംപോയി. അന്വേഷണത്തിെൻറ ഭാഗമായി നിരീക്ഷണക്കാമറകൾ പരിശോധിച്ചപ്പോൾ മോഷ്ടാവിെൻറ മുഖം വ്യക്തമായില്ല.
ഒക്ടോബർ 15 മുതൽ പൊലീസും നാട്ടുകാരും ട്രോമാകെയർ, പൊലീസ് വളൻറിയർമാരും ചേർന്ന് ദിവസവും രാത്രി പലസ്ഥലത്തായി ഒളിച്ചിരിക്കുകയും പൊലീസ് സംഘം മഫ്തിയിലും യൂനിഫോമിലുമായി പട്രോളിങ് നടത്തുകയും ചെയ്തു. മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിൽ തമിഴ്നാട്ടിലെ ഏർവാടിയിൽനിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. സി.ഐ പി. പ്രമോദ്, എസ്.െഎമാരായ എൻ. ശ്രീജിത്ത്, ഗിരീഷ്, രാജേഷ് കുമാർ, സീനിയർ സി.പി.ഒമാരായ കെ. സലേഷ്, ഷംസാദ്, സി.പി.ഒ സബറുദ്ദീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്ഥലങ്ങളിൽ നിരവധി കേസുകളിലെ പ്രതിയാണ് ഷാജഹാൻ. വിവിധ ജയിലുകളിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.