പ്രഫ. താണു പത്മനാഭന്റെ മടക്കം കേരളത്തിെൻറ അംഗീകാരം ഏറ്റുവാങ്ങാതെ
text_fieldsതിരുവനന്തപുരം: ശാസ്ത്ര പ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഏറ്റുവാങ്ങാതെയാണ് പ്രഫ. താണു പത്മനാഭൻ വിടപറഞ്ഞത്. കഴിഞ്ഞ ആഗസ്റ്റ് 17നാണ് പ്രഫ. താണു പത്മനാഭനും പ്രഫ.എം.എസ്. സ്വാമിനാഥനെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്കാരം. പക്ഷേ, വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു. ശാസ്ത്ര ലോകത്തിനുള്ള കേരളത്തിെൻറ സംഭാവനയായിരുന്നു താണു പത്മനാഭൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപവത്കരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതിക ശാസ്ത്രത്തിെൻറ വിവിധ മേഖലകളിൽ അറിവിെൻറ പുതിയ വാതായനങ്ങൾ തുറന്നിട്ട പ്രതിഭാശാലി.
1957 മാർച്ച് 10ന് താണു അയ്യരുടെയും ലക്ഷ്മിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ച പത്മനാഭൻ കരമനയിലെ സർക്കാർ സ്കൂളിലാണ് പഠിച്ചത്. താണു അയ്യർ ഗണിതപ്രതിഭയായിരുന്നെങ്കിലും പ്രാരബ്ദങ്ങൾമൂലം അക്കാദമിക് താൽപര്യങ്ങൾ ഉപേക്ഷിച്ച് വനംവകുപ്പിൽ ഉദ്യോഗസ്ഥനാകേണ്ടിവന്നു. പക്ഷേ, തനിക്ക് നഷ്ടമായതെല്ലാം തെൻറ മകനിലൂടെ നേടിയെടുക്കാനുള്ള അയ്യരുടെ ശ്രമങ്ങളാണ് താണു പത്മനാഭനെ ലോകമറിയുന്ന ഭൗതിക ശാസ്ത്രജ്ഞനാക്കിയത്. കരമനയിലെ വാടകവീടിെൻറ ഇരുൾ മൂടിയ ചുമരുകളിൽനിന്ന് ഗണിതത്തിെൻറ മായികലോകത്തേക്ക് അയ്യർ മകെൻറ കൈപിടിച്ചു. ബന്ധുവായ നീലകണ്ഠശർമയും ഒപ്പംകൂടി. വിജ്ഞാനമാർജിക്കാനുള്ള അഭിനിവേശം പത്മനാഭെൻറ ഉള്ളിൽ കൊളുത്തിവെച്ചത് ഇവർ രണ്ടുപേരുമായിരുന്നു.
തിരുവനന്തപുരം ഗവണ്‍മെൻറ് ആര്‍ട്സ് കോളജിലായിരുന്നു പ്രീഡിഗ്രി പഠനം. പ്രീഡിഗ്രി പഠിക്കുമ്പോള്‍ തിരുവനന്തപുരം നഗരം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന 'ട്രിവാന്‍ഡ്രം സയന്‍സ് സൊസൈറ്റി'യുടെ സജീവപ്രവര്‍ത്തകരില്‍ ഒരാളായി പത്മനാഭൻ മാറി. സൊസൈറ്റിയിലെ പങ്കാളിത്തമാണ് സൈദ്ധാന്തിക ഭൗതികത്തിലേക്ക് കടക്കാന്‍ വേണ്ട ആത്മബലം പത്മനാഭന് നല്‍കിയത്. പ്രീഡിഗ്രിക്ക് ശേഷം 1974ല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ ഫിസിക്സ് മുഖ്യവിഷയമായി ചേർന്നു.
അവിടെനിന്ന് സ്വർണ മെഡലോടെ ബി.എസ്സിയും (1977), എം.എസ്സിയും (1979) ഒന്നാം റാങ്കില്‍ പാസായി. യൂനിവേഴ്സിറ്റി കോളജിലുള്ളപ്പോഴാണ് 1977ല്‍ പത്മനാഭന് തെൻറ ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കുന്നത്. സൈദ്ധാന്തിക ഭൗതികത്തില്‍ നടത്തിയ ആഴത്തിലുള്ള വായനയുടെയും പഠനത്തിെൻറയും ഫലമായിരുന്നു അത്. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ (ടി.ഐ.എഫ്.ആർ) നിന്ന് പിഎച്ച്.ഡി സമ്പാദിച്ച പത്മനാഭൻ അവിടെ തന്നെ ഗവേഷകനായി 1992 വരെ തുടർന്നു.
ആസ്ട്രേലിയയിലെ മെൽബൺ യൂനിവേഴ്സിറ്റിയിലും അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. 1992 മുതൽ അദ്ദേഹം ഐ.യു.സി.എ.എയിൽ ഗവേഷകനും അക്കാദമിക് പ്രോഗ്രാമുകളുടെ ഡീനുമായി അന്താരാഷ്ട്ര ജേണലുകളിൽ മുന്നൂറോളം പേപ്പറുകൾ പത്മനാഭേൻറതായി പ്രസിദ്ധീകരിച്ചു. ഇവ കൂടാതെ ശ്രദ്ധേയമായ പത്ത് പഠനഗ്രന്ഥങ്ങളും രണ്ട് പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും അദ്ദേഹത്തിേൻറതായുണ്ട്.
16 പിഎച്ച്.ഡി വിദ്യാർഥികളെ ഗൈഡ് ചെയ്തു. അവരിൽ പലരും ഇന്ന് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലെ അറിയപ്പെടുന്ന ഗവേഷകരും ഫാക്കൽറ്റി അംഗങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.