ഥാർ ഗുരുവായൂരപ്പന്റേതല്ല; തന്റേതെന്ന് അമൽ
text_fieldsഗുരുവായൂർ: മഹീന്ദ്ര കമ്പനി ഗുരുവായൂരപ്പന് കാണിക്ക നൽകിയ ഥാർ പുനർലേലം ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് വാഹനം ആദ്യം ലേലത്തിൽ സ്വന്തമാക്കിയ അമൽ മുഹമ്മദലി. പുനർ ലേലത്തിൽ ദേവസ്വം ബോർഡിനും കമീഷണർക്കും പങ്കുണ്ട്. കോടതി പുനർലേലം പറഞ്ഞിട്ടില്ല. ഉചിതമായ തീരുമാനമെടുക്കാനാണ് ആവശ്യപ്പെട്ടതെന്ന് അമൽ മുഹമ്മദലി വാർത്താചാനലിനോട് പറഞ്ഞു.
ലേലത്തിന്റെ എല്ലാ നിയമങ്ങളും പാലിച്ച് പങ്കെടുത്താണ് ഥാർ സ്വന്തമാക്കിയത്. ഥാർ ലേലത്തിൽ പിടിച്ച ശേഷം ദേവസ്വം ബോർഡംഗങ്ങൾ ചർച്ച നടത്തിയാണ് ലേലം ഉറപ്പിച്ചത്. അഹിന്ദുക്കൾ ലേലത്തിൽ പങ്കെടുക്കാൻ പാടില്ലെങ്കിൽ നേരത്തെ പറയണം. പരസ്യത്തിൽ അക്കാര്യം ഉണ്ടായിരുന്നില്ല. താൻ നിയമപരമായി സ്വന്തമാക്കിയ വാഹനമാണ് പുനർലേലം ചെയ്തത്. ഗുരുവായൂരപ്പന്റെതല്ല, തന്റെ ഥാറാണ് ലേലം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
15.15 ലക്ഷം രൂപക്കാണ് വാഹനം ലേലത്തിൽ പിടിച്ചത്. ജി.എസ്.ടി ഉൾപ്പെടെ 18 ലക്ഷം രൂപയുടെ അടുത്ത് നൽകേണ്ടി വരും. എന്നാലും ഗുരുവായൂരപ്പന്റെ അനുഗ്രഹമുള്ള വാഹനം സ്വന്തമാക്കുക എന്ന ആഗ്രഹ പ്രകാരമാണ് ഇതിന് മുന്നിട്ടിറങ്ങിയത്. ഇല്ലെങ്കിൽ രണ്ട് വർഷം പഴക്കമുള്ള വാഹനം വാങ്ങാതെ ഷോറൂമിൽ നിന്ന് പുതിയത് വാങ്ങാമായിരുന്നുവെന്നും അമൽ വ്യക്തമാക്കി.
ലേലത്തിന് ആളില്ലാത്തത് തന്റെ കുറ്റമല്ല. ഇത്രയൊക്കെ ബഹളത്തിനു ശേഷം നടന്ന പുനർ ലേലത്തിൽ 15 പേരാണ് ഉണ്ടായിരുന്നതെന്നും അമൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന പുനർ ലേലത്തിൽ അങ്ങാടിപ്പുറം സ്വദേശി വിഘ്നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപക്ക് ഥാർ സ്വന്തമാക്കിയത്. അടിസ്ഥാന വിലയുടെ മൂന്നിരട്ടിയാണ് ഇത്. പ്രവാസി വ്യവസായിയായ വിഘ്നേഷ് ഗുരുവായൂരപ്പന്റെ ഭക്തരായ മാതാപിതാക്കൾക്കുളള സമ്മാനമായാണ് വാഹനം സ്വന്തമാക്കിയത്.
ഗുരുവായൂരപ്പന്റെ വാഹനമായതിനാൽ എത്ര തുകയായാലും ഥാർ ലേലത്തിൽ പിടിക്കണമെന്നായിരുന്നു മകന്റെ നിർദേശമെന്ന് പിതാവ് വിജയകുമാർ പറഞ്ഞിരുന്നു.
മഹീന്ദ്ര ഗ്രൂപ്പ് ഡിസംബർ നാലിനാണ് ഥാർ ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ചത്. നേരത്തെ, നടത്തിയ ലേലത്തിൽ അമൽ മുഹമ്മദ് ലേലം കൊണ്ടിരുന്നതിനെതിരെ ഹിന്ദു സേവാ സമാജം ഹൈകോടതിയെ സമീപിച്ചതിനെ തുടർന്നാണ് പുനർ ലേലം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.