തരൂർ തർക്കം തീരാതെ കോൺഗ്രസ്; സഭയിലെത്തുന്നത് ഐക്യമില്ലാത്ത യു.ഡി.എഫ്
text_fieldsശശി തരൂർ മലബാർ മേഖലയിൽ നടത്തിയ പര്യടനത്തിനുപിന്നാലെ തെക്കൻ കേരളത്തിലും യാത്ര നടത്തുകയാണ്. ഒപ്പം, നേതൃത്വവുമായുള്ള തർക്കവും തുടരുന്നു. ഇതിനിടെ, നാളെ നിയമസഭ ആരംഭിക്കുകയാണ്. ഗവർണർ വിഷയത്തിൽ മുസ്‍ലീം ലീഗും കോൺഗ്രസും ഏകാഭിപ്രായത്തിലെത്താത്തത് സഭയിൽ വെല്ലുവിളിയാകും. വിഴിഞ്ഞം, തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയാകാനിരിക്കുന്ന സഭയാണിത്. ഗവർണർ വിഷയത്തിൽ നിലപാടെടുക്കുന്നതിനായി ലീഗ് പ്രത്യേക യോഗം ചേരുകയാണ്. ഗവർണറെ ചാൻലർ സ്ഥാനത്തുനിന്നും മാറ്റുന്നതിലുള്ള ബില്ലിൽ മുസ്ലീം ലീഗ് നിലപാട് ഇന്നു തീരുമാനിക്കുമെന്ന് ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ കോൺഗ്രസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.
ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റി മുഖ്യമന്ത്രി സർവകലാശാലകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കുന്നു. ഗവർണർ സർവകലാശാലകളിൽ കാവിവത്കരണ നീക്കം നടത്തുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു. പ്രോട്ടോക്കോളനുസരിച്ച് ചാൻസലറുടെ കീഴിലാണ് വകുപ്പ് മന്ത്രിയായ പ്രോചാൻസലർ. പ്രോട്ടോക്കോളിൽ താഴെയായ വ്യക്തിയുടെ കീഴിൽ എങ്ങനെ പ്രോ ചാൻസലർക്ക് പ്രവർത്തിക്കാൻ കഴിയുമെന്ന ചോദ്യവും മുരളീധരൻ ഉന്നയിക്കുന്നു.
ഏത് ബിൽ പാസാക്കിയാലും ഗവർണർക്ക് ഒപ്പിടാതിരിക്കാം. എത്രകാലം വേണമെങ്കിലും കൈവശം വെക്കാം. അങ്ങനെയിരിക്കെ എന്തിനാണ് ഈ ബില്ലെന്ന് വ്യക്തമാകുന്നില്ല. വിഷയത്തിൽ യു.ഡി.എഫ് യോജിച്ച് ഒരു തീരുമാനമെടുക്കുമെന്നും മുരളീധരൻ പറയുന്നു. ചാൻസലറെ മാറ്റുന്ന ബില്ലിൽ യു.ഡി.എഫിന് ഒരു നിലപാടേ ഉണ്ടാവുകയുള്ളു. ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കും. ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റി പിണറായിക്ക് ഇഷ്ടമുള്ളയാളെ നിയമിക്കാൻ അനുവദിക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വിഴിഞ്ഞം വിഷയത്തിൽ മന്ത്രിസഭക്ക് കൂട്ടുത്തരവദിത്വം നഷ്ടപ്പെട്ടുവെന്നും മുരളീധരൻ വിമർശിച്ചു. കേന്ദ്ര സേനയെ വിളിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. നിർമ്മാണം നടക്കുമ്പോൾ കേന്ദ്ര സേന വേണ്ടെന്നാണ് തന്റെ നിലപാടെന്നും മുരളീധരൻ പറയുന്നു.
ഗവർണർ വിഷയത്തിൽ കോൺഗ്രസിൽ തന്നെ ഏകാഭിപ്രായമില്ല. ഇതിനുപുറമെ, ശശിതരൂർ ഉയത്തിയ പുതിയ വെല്ലുവിളി കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെയാകെ മാറ്റിമറിക്കുന്നതിലേക്കാണ് നീങ്ങുന്നത്. ഇതുമനസിലാക്കി ഏറെ കരുതലോടെയാണ് ഒരു വിഭാഗം നേതാക്കൾപ്രതികരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച തരൂരിനെ വിമർശിച്ച കെ. മുരളീധരനിപ്പോൾ തരൂരിനു അനുകൂലമാണ്. തരൂരിന്റെ കഴിവുകളെ കോൺഗ്രസ് ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി സ്ഥാന മോഹികളാണ് വിമർശനത്തിനുപിന്നിലെന്നുമാണ് മുരളീധരന്റെ നിലപാട്. ഇക്കാര്യത്തിൽ രമേശ് ചെന്നിത്തലയും കൃത്യമായ നിലപാടെടുത്തിട്ടില്ല. എല്ലാവർക്കും അവസരം നൽകിയ പാർട്ടിയാണെന്നും തരൂരിനെയും പരിഗണിച്ചിട്ടുണ്ടെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. ഈ സാഹചര്യത്തിൽ നിയമസഭയിലെത്തുന്ന യു.ഡി.എഫ് പ്രതിനിധികൾ ഏത് രീതിയിലായിരിക്കും പ്രതികരിക്കുകയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.