തരൂരിനെ നിയന്ത്രിക്കാൻ സാധ്യത; കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ ചർച്ചയാകും
text_fieldsഅഞ്ചുമാസത്തിനുശേഷം നടക്കുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ ശശി തരൂരിന്റെ പ്രവർത്തനങ്ങൾ ചർച്ചയാകും. ജില്ല കമ്മിറ്റികളെ അറിയിക്കാതെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതും നേതൃത്വം നൽകുന്നതും തരൂരിനെതിരായ വിമർശനത്തിനുവഴിവെച്ചിരുന്നു. ഈ വിഷയത്തിൽ മുതിർന്ന നേതാക്കൾ വിവിധ അഭിപ്രായങ്ങളാണ് പങ്കുവെച്ചത്.
കോഴിക്കോട് ജില്ലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിനെ പിൻതിരിപ്പിക്കാൻ ഒരു വിഭാഗം ശ്രമിച്ചിരുന്നു. ഡി.സി.സി നേതൃത്വം സഹകരിക്കാത്തതിനെ തുടർന്ന്, എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ പരിപാടി നടത്തുകയായിരുന്നു. പിനാലെ മലബാർ മേഖലയിൽ വിവിധ പരിപാടികളിലാണ് തരൂർ പങ്കെടുത്തത്. തെക്കൻ കേരളത്തിലും സമാനരീതിയിൽ പരിപാടികളിൽ സംബന്ധിച്ചിരുന്നു. കോട്ടയത്തെ പരിപാടി അറിയിച്ചില്ലെന്ന് കാണിച്ച് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് കെ.പി.സി.സിക്ക് നൽകിയ പരാതിയും ചർച്ചയാകും.
ദേശീയപ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിലുള്ള പ്രതികാരവും മുഖ്യമന്ത്രി സ്ഥാന മോഹികളുമാണ് തരൂർ വിമർശനത്തിനുപിന്നിലെന്ന് വാദിക്കുന്നവരും കെ.പി.സി.സി നേതൃനിരയിൽ തന്നെയുണ്ട്.
ഇതിനുപുറമെ, രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റിയ സി.പി.എമ്മിന്റെ മുസ്‍ലീം ലീഗ് പ്രശംസ,വിഴിഞ്ഞം സമരം, വിലക്കയറ്റം, സർവകലാശാല വിവാദം തുടങ്ങിയവയിലും ചർച്ച നടക്കും. ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചപ്പോഴും രാഷ്ട്രീയകാര്യ സമിതി ചേർന്നിരുന്നില്ല. വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളാത്തതിലുള്ള അതൃപ്തി ഇന്നത്തെ യോഗത്തിൽ ഉയരുമെന്നുറപ്പാണ്.
മാസം തോറും നടക്കേണ്ട രാഷ്ട്രീയകാര്യ സമിതി യോഗം അനിശ്ചിതമായി നീണ്ടുപോകുന്നതും വിമർശനത്തിനിടയാക്കുകയാണ്. നിലവിൽ യോഗം നടന്നിട്ട് അഞ്ചു മാസമായി. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കെ. സുധാകരൻ ഡൽഹിയിലാണ്. നിയമസഭ നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ തിരുവനന്തപുരത്തുമാണ്. ഇവരുടെ എല്ലാവരുടെയും സൗകര്യം കണക്കിലെടുത്താണു യോഗം ഇന്നത്തേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.