പിന്തുണ വർധിപ്പിച്ച് തരൂർ; ഗ്രൂപ്പുസമവാക്യങ്ങൾ മാറിമറിയുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള ശശി തരൂരിന്റെ നീക്കം കോണ്‍ഗ്രസിലെ ഗ്രൂപ് സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നു. പരമ്പരാഗത എ, ഐ ഗ്രൂപ്പുകള്‍ എന്നതില്‍നിന്ന് തരൂര്‍വിഭാഗവും തരൂര്‍ വിരുദ്ധ വിഭാഗവും എന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്.
തരൂരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞദിവസം രംഗത്തുവരികയും ഇന്നലെ തരൂർപക്ഷം അതിന് മറുപടിയും നൽകിയതോടെ അന്തരീക്ഷം കലുഷിതമായി. അതിനിടെ, വെള്ളിയാഴ്ച കേരളത്തിലെത്തുമ്പോൾ കോഴിക്കോട്ടുവെച്ച് സംസ്ഥാന നേതാക്കളെ കാണുമെന്ന് ഹൈകമാൻഡ് പ്രതിനിധി താരിഖ് അൻവർ അറിയിച്ചു.
നേതാക്കളുടെ പരസ്യ പ്രസ്താവന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വിലക്കിയെങ്കിലും വിഭാഗീയത ആരോപിച്ച് തരൂരിനെ ലക്ഷ്യമാക്കി ശക്തമായ വിമർശനമാണ് സതീശന്‍ കഴിഞ്ഞദിവസം നടത്തിയത്. ഇതിന് മറുപടിയുമായി തരൂരും അദ്ദേഹത്തിന്‍റെ വിശ്വസ്തൻ എം.കെ. രാഘവനും രംഗത്തുവന്നു.
കോണ്‍ഗ്രസില്‍ ഒരിടവേളക്കുശേഷം പോര് മൂർച്ഛിക്കുന്നതിന്‍റെ സൂചനയാണ് ഇതെല്ലാം നൽകുന്നത്. തരൂരിനെ ആദ്യമേതന്നെ എം.കെ. രാഘവൻ പിന്തുണക്കുന്നുണ്ടെങ്കിലും ഇപ്പോൾ കെ. മുരളീധരനും ഒപ്പമുണ്ട്. കെ.സി. വേണുഗോപാലുമായി അകലം പാലിക്കുന്ന കെ. സുധാകരനും തരൂരിന് പരോക്ഷ പിന്തുണ നല്‍കുന്നു. ഇതോടൊപ്പമാണ് എ ഗ്രൂപ്പും തരൂരിനെ പിന്തുണച്ചുതുടങ്ങിയത്.
ഉമ്മൻ ചാണ്ടിയുടെ തട്ടകമായ കോട്ടയത്ത് യൂത്ത് കോൺഗ്രസിന്‍റെ മഹാസമ്മേളനത്തിലേക്ക് ക്ഷണിച്ചാണ് എ പക്ഷം നിലപാട് പരസ്യമാക്കിയത്. പരിപാടിയുടെ പോസ്റ്ററിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ചിത്രം പോലും വിവാദമായശേഷം ഉൾപ്പെടുത്തിയതിൽനിന്ന് എ പക്ഷത്തിന്‍റെ നീക്കം വ്യക്തമാണ്.
എ ഗ്രൂപ് നീക്കത്തിൽ സതീശൻ അനുകൂലികൾ അസ്വസ്ഥരാണ്. തരൂരിന്‍റെ നേതൃത്വം മുന്നണിക്ക് ഗുണകരമാകുമെന്ന് മുസ്ലിംലീഗ് നേതൃത്വം നിലപാടെടുത്തതിന് പിന്നാലെയാണ് എ പക്ഷ നീക്കം. ഒരിക്കൽ തന്നെ ശക്തമായി എതിർത്ത എൻ.എസ്.എസിന്‍റെ വേദിയിലും തരൂർ മുഖ്യാതിഥിയായി എത്തുകയാണ്. സതീശനെതിരെ എൻ.എസ്.എസ് നേതൃത്വം ദിവസങ്ങൾക്കുമുമ്പ് പരസ്യനിലപാടെടുത്തതും ഇതിനോട് ചേർത്തുവായിക്കണം.
തരൂരിന്റെ നീക്കം പാര്‍ട്ടിയെ അപകടത്തിലാക്കുമെന്നാണ് അദ്ദേഹത്തെ എതിര്‍ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. സർക്കാറിനെതിരെ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുന്നതിനിടെ സി.പി.എമ്മിന് ആയുധവും കരുത്തും നൽകുന്ന നീക്കമാണ് തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് അവരുടെ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമുള്ള തരൂരിന്‍റെ നീക്കത്തിന് പിന്നിൽ സി.പി.എം പങ്കും അവർ സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.