കേരള രാഷ്ട്രീയത്തിലും സ്ഥാനമുറപ്പിച്ച് തരൂർ
text_fieldsതിരുവനന്തപുരം: എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് ദേശീയതലത്തിൽ മാത്രമല്ല കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും ശശി തരൂരിന്‍റെ സ്ഥാനം ഉറപ്പിച്ചു.
സംസ്ഥാന കോൺഗ്രസിലെ വിവിധ ഗ്രൂപ്പുകളോട് കടുത്ത വിധേയത്വമുള്ളവർ പോലും പാർട്ടി അധ്യക്ഷനെ നിശ്ചയിക്കാൻ നടന്ന തെരഞ്ഞെടുപ്പിൽ തരൂരിനെ പരസ്യമായി പിന്തുണക്കാൻ തയാറായി. സ്വന്തം ഗ്രൂപ് നേതൃത്വം തരൂരിന്‍റെ എതിരാളി മല്ലികാർജുൻ ഖാർഗയെ പിന്തുണക്കുമ്പോഴായിരുന്നു അവരുടെ പരസ്യപിന്തുണ.
തരൂർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ നാമനിർദേശപത്രികയിൽ ഒപ്പിടാൻ പോലും സംസ്ഥാനത്തുനിന്ന് ഒരാളെയും കിട്ടില്ലെന്നായിരുന്നു നേതാക്കളുടെ അവകാശവാദം. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ച് ഡസനിലേറെ കെ.പി.സി.സി അംഗങ്ങൾ പത്രികയിൽ ഒപ്പിട്ടെന്ന് മാത്രമല്ല, പരസ്യമായി പിന്തുണ പ്രഖ്യാപിക്കാനും തയാറായി.
കെ.പി.സി.സി ആസ്ഥാനത്തിന് സമീപം ഉൾപ്പെടെ മിക്ക പ്രധാന കേന്ദ്രങ്ങളിലും തരൂരിന് വേണ്ടി ഫ്ലക്സുകളും ഉയർന്നു. സമൂഹമാധ്യമങ്ങളിലും ശക്തമായ പ്രചാരണമാണ് നടന്നത്. ഇതെല്ലാം അണികളിലും തരൂരിനുള്ള സ്വാധീനത്തിന് തെളിവാണ്.
തരൂരിന് ലഭിച്ച പിന്തുണ നിലവിലെ ഗ്രൂപ് സമവാക്യങ്ങൾ മാറ്റിമറിക്കുന്നതല്ല. പേക്ഷ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ദേശീയതലത്തിൽ മാത്രമല്ല, സംസ്ഥാനത്തും തരൂരിന്‍റെ അഭിപ്രായത്തിന് പ്രാധാന്യം കൈവന്നിരിക്കുകയാണ്. സാധാരണ പ്രവർത്തകർക്കിടയിൽ അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യതയും കാണാതിരിക്കാനാവില്ല.
ദേശീയതലത്തിൽ തള്ളിക്കളയാൻ കഴിയാത്ത നേതാവായി രാഷ്ട്രീയഗ്രാഫ് ഉയർത്താൻ സ്ഥാനാർഥിത്വത്തിലൂടെ തരൂരിന് സാധിച്ചു. കേരളത്തിൽനിന്ന് പോൾചെയ്ത 294 വോട്ടിൽ തരൂരിന് എത്ര കിട്ടിയെന്ന് വ്യക്തമല്ല. 130 ലേറെ കിട്ടിയെന്നാണ് തരൂർപക്ഷത്തിന്‍റെ അവകാശവാദം.
രാഷ്ട്രീയത്തിൽ വന്നതുമുതൽ തരൂരിനെ സംസ്ഥാന നേതൃത്വം കൈ അകലത്തിലാണ് നിർത്തിയിരുന്നത്. അതിന്‍റെ സമയം കഴിഞ്ഞുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് തരൂരിന് ലഭിച്ച പിന്തുണയെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.