തരൂരിന്റെ പ്രഭാഷണം: യൂത്ത് കോൺഗ്രസ് പിന്മാറി; ഏറ്റെടുത്ത് ജവഹർ യൂത്ത് ഫൗണ്ടേഷൻ
text_fieldsകോഴിക്കോട്: യൂത്ത് കോൺഗ്രസ്ജില്ല കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കാനിരുന്ന ശശി തരൂർ പങ്കെടുക്കുന്ന സെമിനാർ 'അജ്ഞാത' കാരണത്താൽ ഒഴിവാക്കി. ഇതുസംബന്ധിച്ച വിവാദം കത്തുന്നതിനിടയിൽ, ജവഹർ യൂത്ത് ഫൗണ്ടേഷൻ എന്നപേരിലുള്ള സാംസ്കാരിക കൂട്ടായ്മ പുതിയ സംഘാടകരായി രംഗത്തുവന്നു. യൂത്ത് കോൺഗ്രസ് നിശ്ചയിച്ച അതേ വിഷയത്തിൽ അതേ വേദിയിൽ ജവഹർ ഫൗണ്ടേഷൻ പരിപാടി നടത്തും. ഇതോടെ തരൂർ അനുകൂലികളും എതിരാളികളും തമ്മിലെ പോര് മറനീക്കി. തരൂരിന് ഏറെ അനുകൂലികളുള്ള തട്ടകമാണ് കോഴിക്കോട്.
സംസ്ഥാന നേതാക്കളിൽ ചിലരുടെ സമ്മർദമാണ് യൂത്ത് കോൺഗ്രസ് പിന്മാറ്റത്തിന് പിന്നിലെന്ന പ്രചാരണത്തെ കുറിച്ച് നേതാക്കൾ മൗനംപാലിക്കുന്നു. കെ.പി. കേശവ മേനോൻ ഹാളിൽ 'സംഘ്പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി' എന്ന വിഷയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. എം.കെ. രാഘവൻ എം.പിയും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും പരിപാടിയിലുണ്ടായിരുന്നു. പരിപാടി റദ്ദാക്കാൻ തരൂരിനോട് താൽപര്യമില്ലാത്ത സംസ്ഥാനത്തെ ചില നേതാക്കളുടെ സമ്മർദമുണ്ടെന്ന ചർച്ച ശനിയാഴ്ച രാവിലെ മുതൽ അണിയറയിലുണ്ടായിരുന്നു.
വൈകീട്ടോടെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു. ജില്ല പ്രസിഡന്റിന് സുഖമില്ലാത്തതിനാൽ പരിപാടി മാറ്റി എന്നാണ് യൂത്ത് കോൺഗ്രസ് വൃത്തങ്ങളുടെ വിശദീകരണം. പിന്നാലെയാണ് സംഘാടകർ മാറി പരിപാടി നടത്തുമെന്ന അറിയിപ്പ് വന്നത്.എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തരൂരിനനുകൂലമായ ശക്തമായ ഗ്രൂപ് കോഴിക്കോട്ട് രൂപപ്പെട്ടിരുന്നു. പുതിയ സാഹചര്യത്തിൽ തരൂരിനെ വെട്ടാൻ നടത്തിയ ശ്രമമാണ് പൊട്ടിയത്. എം.കെ. രാഘവൻ തരൂരിന്റെ പ്രഭാഷണപരിപാടിയിൽ സംബന്ധിക്കും. പുതിയ പോസ്റ്ററിൽ കെ. പ്രവീൺകുമാറില്ല.
നിരവധി പരിപാടികളാണ് ഞായറാഴ്ച തരൂരിന് കോഴിക്കോട്ട് പങ്കെടുക്കാനുള്ളത്. പാർട്ടി പരിപാടി ഇതുമാത്രമായിരുന്നു. കെ.പി. ഉണ്ണികൃഷ്ണൻ, എം.ടി. വാസുദേവൻ നായർ തുടങ്ങിയവരെ തരൂർ സന്ദർശിക്കുന്നുണ്ട്.ഡി.സി.സിയുടെ താൽക്കാലിക ഓഫിസ് ഉദ്ഘാടനമുൾപ്പെടെ ഞായറാഴ്ച നടക്കുന്നുണ്ട്. അതേസമയം, തരൂർവിരുദ്ധത തുറന്നുപറയുന്ന കെ. മുരളീധരൻ രാവിലെ ഡി.സി.സിയിൽ വാർത്തസമ്മേളനവും വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.