മറഞ്ഞു, പയ്യന്നൂരിന്‍റെ ആ മേൽവിലാസവും
text_fieldsപയ്യന്നൂർ: കഥകളിൽ ദേശവും നാട്ടിടവഴികളും നാട്ടുകാരും കഥാപാത്രങ്ങളാവുകയും അത് ദേശചരിത്രത്തോടൊപ്പം അടയാളപ്പെടുത്തുകയും ചെയ്ത കഥാകാരൻ ഇനിയില്ല. പേരിനൊപ്പം പയ്യന്നൂരിനെ ചേർത്തുനിർത്തിയ സതീഷ് ബാബു വിടവാങ്ങിയതോടെ ആ മേൽവിലാസം കൂടിയാണ് ചരിത്രനഗരിക്ക് നഷ്ടമായത്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, മാധ്യമപ്രവർത്തകൻ, കോളമെഴുത്തുകാരൻ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം മായാത്ത മുദ്രപതിപ്പിച്ച സർഗപ്രതിഭ.
വൃശ്ചികം വന്നു വിളിച്ചു, ഖമറുന്നീസയുടെ കൂട്ടുകാരി, ദൈവം, മണ്ണ്, സീൻ ഓവർ, പേരമരം, ഉൾഖനനങ്ങൾ, ഫോട്ടോ തുടങ്ങി രചിച്ച മുപ്പതോളം കൃതികളിൽ മിക്കവയും വടക്കിന്റെ ജീവിതമാണ് സംവദിച്ചത്. പയ്യന്നൂരമ്പലവും അത്യുത്തരകേരളത്തിന്റെ തെയ്യവും തെയ്യം കലാകാരന്റെ കണ്ണീർജീവിതവും സാധാരണ മനുഷ്യരുടെ ജീവിതനൊമ്പരവുമൊക്കെ കഥകളിൽ നിറഞ്ഞു.
ഭാരത് ഭവന്റെ മെംബർ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി അംഗം, കേരള ഫിലിം അക്കാദമി അംഗം, കണ്ണൂർ സർവകലാശാല സെനറ്റർ, 'ഈയാഴ്ച' വാരിക എഡിറ്റർ തുടങ്ങിയ നിലകളിൽ സതീഷ് ബാബു പ്രവർത്തിച്ചു. കാരൂർ പുരസ്കാരം, കേരള സാഹിത്യവേദി അവാർഡ്, അബൂദബി ശക്തി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, ഫൊക്കാന ഇൻറർനാഷനൽ ലിറ്റററി അവാർഡ്, മലയാറ്റൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ് ടി.എൻ. സുവർണമുദ്ര, എസ്.ബി.ടി അവാർഡ്, ടി.കെ.ഡി. നമ്പൂതിരി അവാർഡ് എന്നിവ നേടിയ അംഗീകാരങ്ങളിൽ ചിലതാണ്.
നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും സംവിധാനം ചെയ്യുകയും 'നക്ഷത്രക്കൂടാരം' എന്ന സിനിമക്ക് തിരക്കഥ രചിക്കുകയും ചെയ്തു.കാഞ്ഞങ്ങാട് നെഹ്രു കോളജിലും തുടർന്ന് പയ്യന്നൂർ കോളജിലുമായിരുന്നു പഠനം. കോളജ് പഠനകാലത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ആദ്യത്തെ കാമ്പസ് പത്രമായ കാമ്പസ് ടൈംസിന് നേതൃത്വം നൽകി. പിന്നീട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്ഥനായി.
പയ്യന്നൂരിലെ വീടും പറമ്പും വിറ്റ് മറ്റൊരിടത്തെ താമസം സതീഷ് ബാബുവിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാൻ പയ്യന്നൂർ ക്ഷേത്രത്തിന് സമീപം പഴയ സ്ഥലത്തിനടുത്ത് സ്ഥലം വാങ്ങുകയും വീട് നിർമിച്ച് ഗൃഹപ്രവേശനം നടത്തുകയും ചെയ്തു. വൈകാതെ സ്ഥിരതാമസമാക്കുമെന്ന് അടുത്ത സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. ഈ ആഗ്രഹം ബാക്കിവെച്ചാണ് കഥാകാരൻ അരങ്ങൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.