ആ ബധിര കുടുംബത്തിന് ഇനി തെരുവിൽ കഴിയേണ്ട; ഇനിയവർ പീസ് വാലിയുടെ തണലിൽ
text_fieldsകൊച്ചി: മാധ്യമം വാർത്ത തുണയായി, കൊച്ചി നഗരത്തിലെ തിരക്കേറിയ ഫൂട്ട് പാത്തിൽ അന്തിയുറങ്ങിയിരുന്ന മൂകരും ബധിരരുമായ കുടുംബത്തിന് ഇനി സമാധാനത്തിന്‍റെ താഴ്വരയിൽ സുരക്ഷിത ജീവിതം നയിക്കാം. മേനക ജംഗ്നഷനിൽ കഴിഞ്ഞിരുന്ന രേഖകൾ ഇല്ലാത്ത ആറംഗ കുടുംബത്തിന് കോതമംഗലം പീസ് വാലിയാണ് പുതുജീവിതം നൽകിയത്. വ്യാഴാഴ്ച രാവിലെ ഇവരെ മേനകയിൽ നിന്ന് സ്ഥാപനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷിന്‍റെ മേൽനോട്ടത്തിലാണ് കുടുംബത്തെ പീസ് വാലി ഭാരവാഹികളായ വി.എ. ശംസുദ്ധീൻ, സാബിത് ഉമർ എന്നിവർ ചേർന്ന് ഏറ്റെടുത്തത്.
മേനകയിലെ ഹോട്ടലുകൾക്കു മുന്നിൽ രാവും പകലും കഴിഞ്ഞു കൂടിയിരുന്ന തമിഴ്നാട് സ്വദേശികളായ ഖാജ, ഭാര്യ സാറ മക്കളായ 13 കാരി അമീന, 8 വയസ്സുകാരി സൽമ, ഏഴ് വയസുള്ള അമീർ, മൂന്ന് വയസുള്ള അനസ് എന്നിവരുടെ ജീവിതം ദിവസങ്ങൾക്കു മുമ്പ് മാധ്യമം വാർത്തയാക്കിയിരുന്നു.
ഇതേ തുടർന്ന് കലക്ടർ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ ഉത്തരവുകൾ പീസ് വാലിക്ക് കൈമാറി. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിൽ ആണ് കുടുംബത്തെ പാർപ്പിക്കുന്നത്.കൂലിപ്പണിയും മറ്റും ചെയ്യുന്ന ഖാജക്ക് പീസ് വാലിയുടെ പരിസരത്ത് അനുയോജ്യമായ തൊഴിൽ ലഭിക്കാനുള്ള സാഹചര്യം ഒരുക്കും. രേഖകൾ ശരിയാകുന്ന മുറക്ക് മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് പീസ് വാലി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.