ആ കത്ത് ഏന്റേതല്ല, ഉറവിടം കണ്ടെത്തണം -കത്ത് വിവാദത്തിൽ പ്രതികരിച്ച് ആര്യ രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: കോർപറേഷനിലെ 295 താൽക്കാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് കത്ത് അയച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി മേയർ ആര്യ രാജേന്ദ്രൻ. തന്‍റെ പേരിൽ പ്രചരിക്കുന്ന കത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും പരാതിയിൽ പറയുന്നു. കത്ത് വ്യാജമാണോയെന്ന് സംശയമുണ്ട്. നേരിട്ടോ അല്ലാതെയോ കത്തിൽ ഒപ്പിട്ടിട്ടില്ല. ഈ വിഷയത്തിന്‍റെ പേരിൽ ചില ആളുകൾ വ്യക്തിപരമായി അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് പരാതി കൈമാറിയത്. ഗുരുതരമായ വിഷയമായതിനാലാണ് ലോക്കൽ പൊലീസിൽ പരാതി നൽകാതെ നേരിട്ട് മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ആര്യ രാജേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാർലമെന്‍ററി പാർട്ടി നേതാവുമായ ഡി.ആർ. അനിൽ ആനാവൂർ നാഗപ്പന് നൽകിയ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് മേയർ ഒഴിഞ്ഞുമാറി. അനിലിന്‍റെ കത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടേണ്ടത് അദ്ദേഹമാണെന്നായിരുന്നു മേയറുടെ മറുപടി. അനിലിന്‍റെ വാർഡായ മെഡിക്കൽ കോളജിലെ വാട്സ്ആപ് ഗ്രൂപ്പിലാണ് മേയറുടെ പേരിലുള്ള തൊഴിൽ നിയമന കത്ത് പ്രചരിപ്പിക്കപ്പെട്ടത്. ഇതുസംബന്ധിച്ച ചോദ്യത്തോട് പാർട്ടി നേതാവ് കത്ത് പ്രചരിപ്പിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കേണ്ടത് പാർട്ടിയാണെന്ന മറുപടിയാണ് ആര്യ നൽകിയത്.
കത്തുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തേണ്ട കാര്യങ്ങൾ നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട്. താൽക്കാലിക നിയമനത്തിന് കത്ത് നൽകുന്ന രീതി സി.പി.എമ്മിനില്ല. ഇക്കാര്യത്തിൽ തന്‍റെ ഓഫിസിനെ സംശയമില്ല. സത്യപ്രതിജ്ഞ പാലിക്കാൻ താൻ ബാധ്യസ്ഥയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടത് തന്‍റെ കൂടി ആവശ്യമാണ്. ആരെങ്കിലും ബോധപൂർവമായോ വ്യാജ ആപ് സഹായത്തോടെയോ മറ്റോ തയാറാക്കിയതാണോ എന്നെല്ലാം അന്വേഷിക്കണം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസം. കത്ത് പുറത്തുവന്നത് ഒന്നാം തീയതിയാണ്.
എന്നാൽ ഒക്ടോബറിൽ ഈ തസ്‌തികകളുടെ ഒഴിവുകളെ സംബന്ധിച്ച് പത്രപരസ്യം വന്നതാണ്. വിവാദത്തിന്‍റെ അടിസ്ഥാനത്തില്‍ സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് നിയമനം എംപ്ലോയ്‌മെന്‍റ് എക്സ്ചേഞ്ച് വഴി നടത്താന്‍ തീരുമാനിച്ചത്. മേയര്‍ ആയി ചുമതലയേെറ്റടുത്തത് മുതല്‍ അപവാദ പ്രചാരണങ്ങള്‍ ഒരു വിഭാഗം ആരംഭിച്ചതാണ്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അപവാദ പ്രചാരണമെന്നും മേയർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മേയർ സന്ദർശിച്ച് മടങ്ങിയ ശേഷം മുഖ്യമന്ത്രി ഡി.ജി.പിയെ വിളിച്ചു വരുത്തിയതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.