'ആ ശ്വേത വേറെ, ഞാൻ തട്ടിപ്പിനിരയായിട്ടില്ല'; വിശദീകരിച്ച് നടി ശ്വേത മേനോൻ
text_fieldsമുംബൈയിൽ നടന്ന ബാങ്ക് തട്ടിപ്പിൽ താനും ഇരായായെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് വ്യക്തമാക്കി നടി ശ്വേത മേനോൻ. തട്ടിപ്പിനിരയാകുകയോ പണം നഷ്ടമാകുകയോ ചെയ്തിട്ടില്ല. വാർത്ത റിപ്പോർട്ട് ചെയ്ത 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് സംഭവിച്ച അബദ്ധമാണ് വാർത്തയോടൊപ്പം തന്നെ ടാഗ് ചെയ്യാൻ കാരണമെന്നും ശ്വേത മേനോൻ വിശദമാക്കി.
കഴിഞ്ഞ ദിവസം മുംബൈയിലെ സ്വകാര്യ ബാങ്കിൽ 40 അക്കൗണ്ട് ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയിരുന്നു. നടിയും അവതാരകയുമായ ശ്വേത മേമനും കബളിപ്പിക്കപ്പെട്ടവരിലുൾപ്പെടും. ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ശ്വേത മേമന് പകരം ശ്വേത മേനോനെയാണ് ടാഗ് ചെയ്തത്. ഇതോടെ നിരവധി ഫോൺകോളുകളായിരുന്നു നടിക്ക് വന്നുകൊണ്ടിരുന്നത്. തുടർന്നാണ് സമൂഹമാധ്യമത്തിൽ വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്.
ബാങ്ക് അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങൾ (കെ.വൈ.സി) അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകിയവർക്കാണ് മുംബൈയിൽ പണം നഷ്ടമായത്. 40 പേർ ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടുണ്ട്.
ബാങ്കിൽ നിന്നെന്ന വിധത്തിലാണ് അക്കൗണ്ട് ഉടമകളുടെ ഫോണിലേക്ക് മെസേജ് വന്നത്. കെ.വൈ.സി ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നായിരുന്നു ഉള്ളടക്കം. അപ്ഡേറ്റ് ചെയ്യാനായി ഒരു വെബ് ലിങ്കും നൽകിയിരുന്നു.
ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ബാങ്കിന്‍റേതിന് സമാനമായ വെബ്സൈറ്റിലാണ് എത്തിയത്. ഇതിൽ വ്യക്തിവിവരങ്ങളും പാൻ കാർഡ് നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകാൻ നിർദേശമുണ്ടായിരുന്നു. ഇങ്ങനെ വിവരങ്ങൾ നൽകിയവരുടെ പണമാണ് നഷ്ടമായത്.
അവതാരക ശ്വേത മേമന്‍റെ 57,636 രൂപയാണ് നഷ്ടമായത്. തന്‍റെ ഇന്‍റർനെറ്റ് ബാങ്കിങ് ഐ.ഡിയും പാസ്വേർഡും ഇവർ വെബ്സൈറ്റിൽ കൊടുത്തിരുന്നു. ഇതിന് പിന്നാലെ ബാങ്കിൽ നിന്നെന്ന് പറഞ്ഞ് ഫോൺ കാൾ വന്നു. കെ.വൈ.സി അപ്ഡേറ്റ് ചെയ്യാനായി ഒ.ടി.പി വേണമെന്ന് ആവശ്യപ്പെട്ടു. ഒ.ടി.പി കൊടുത്തതും പണം നഷ്ടമായെന്ന മെസേജാണ് വന്നതെന്ന് ശ്വേത മേമന്‍റെ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.