സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിയാതെ എന്ന്; എം. ശിവശങ്കർ കരാർ ഒപ്പിട്ടതിൽ ദുരുദ്ദേശമില്ലെന്നും അന്വേഷണ സമിതി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങൾ കൈമാറാനായി സ്പ്രിൻക്ലർ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത് മുഖ്യമന്ത്രി അറിയാതെ എന്ന് രണ്ടാം അന്വേഷണ സമിതി റിപ്പോർട്ട്. സ്പ്രിൻക്ലർ കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന ആദ്യ അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് രണ്ടാമത്തെ അന്വേഷണ സമിതി തള്ളിയത്.
മുൻ ജില്ലാ ജഡ്ജിയും നിയമ വകുപ്പ് സെക്രട്ടറിയുമായിരുന്ന കെ. ശശിധരൻ നായർ ചെയർമാനും ഹൈദരാബാദ് ജെ.എൻ.ടി.യു.എച്ച് എൻജിനീയറിങ് കോളജ്, കംപ്യൂട്ടർ എൻജിനീയറിങ് സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മുൻ പ്രഫസർ ഡോ. എ. വിനയ ബാബു, തിരുവനന്തപുരം എൻജിനീയറിങ് കോളജ്, കംപ്യൂട്ടർ എൻജിനീയറിങ് സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. സുമേഷ് ദിവാകരൻ എന്നിവർ അംഗങ്ങളായ സമിതിയുടേതാണ് പുതിയ കണ്ടെത്തൽ.
വ്യക്തികളുടെ വിവരങ്ങൾ അടങ്ങിയ ഡാറ്റകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് കമ്പനിക്കുണ്ടോ എന്ന് പരിശോധിച്ചില്ല. സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. കരാർ നൽകുന്നത് സംബന്ധിച്ച് ഐ.ടി. വകുപ്പിൽ കൃത്യമായ ഫയൽ പോലും ഉണ്ടായിരുന്നില്ല. ഡാറ്റാ കൈകാര്യം ചെയ്യാൻ സ്പ്രിൻക്ലറിനെ ചുമതലപ്പെടുത്തുന്നതിന് മുമ്പ് നിയമപ്രകാരമുള്ള കരാറിൽ ഏർപ്പെട്ടില്ല. ഡാറ്റ സുരക്ഷിതമാക്കിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
സ്പ്രിൻക്ലർ കരാറിനെ കുറിച്ച് അന്വേഷിക്കാൻ മുൻ വ്യോമയാന സെക്രട്ടറി എം. മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റോയ് എന്നിവരടങ്ങുന്ന രണ്ടംഗ സമിതിയെയാണ് സംസ്ഥാന സർക്കാർ ആദ്യം നിയോഗിച്ചത്. സ്പ്രിൻക്ലർ കരാർ സംസ്ഥാന താൽപര്യത്തിന് എതിരാണെന്നാണ് രണ്ടംഗ സമിതിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ട് സർക്കാറിന് പ്രതികൂലമാകുന്ന സാഹചര്യത്തിലാണ് മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്.
ഐ.ടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഏകപക്ഷീയമായി കരാർ നടപ്പാക്കിയത് ജനങ്ങളുടെ വിവരങ്ങൾക്ക് മേൽ കമ്പനിയുടെ സമ്പൂർണ അവകാശം നൽകുന്ന സ്ഥിതി ഉണ്ടാക്കിയെന്ന് ആദ്യ അന്വേഷണ സമിതി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടാമത്തെ സമിതിയുടെ റിപ്പോർട്ടിൽ എം. ശിവശങ്കർ കരാർ ഒപ്പിട്ടതിൽ യാതൊരു തരത്തിലുമുള്ള ദുരുദ്ദേശവുമില്ലെന്നാണ് വ്യക്തമാക്കുന്നത്.
ഏപ്രിൽ 24നാണ് മൂന്നംഗ സമിതിയുടെ റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചത്. ഈ റിപ്പോർട്ടിൻമേലുള്ള പരിശോധനകൾ പുരോഗമിക്കുകയാണെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ എം.എൽ.എമാരായ പി.ടി. തോമസ്, പി.സി. വിഷ്ണുനാഥ് എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് റിപ്പോർട്ടിന്‍റെ പകർപ്പ് നിയമസഭയിൽ വെച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങൾ അവരുടെ അനുമതിയില്ലാതെ സ്പ്രിൻക്ലറിന് കൈമാറിയെന്നാണ് സർക്കാറിനും ഐ.ടി വകുപ്പിനും എതിരെ ആരോപണം ഉയർന്നത്. വ്യക്തി വിവരങ്ങൾ അടിയന്തരമായി സെർവറിൽ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവുമായി അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവരികയും ചെയ്തു. ഇതിന് പിന്നാലെ ഹൈകോടതി നിർദേശ പ്രകാരം വ്യക്തി വിവരങ്ങൾ സ്പ്രിൻക്ലറിന്‍റെ സെർവറിൽ നിന്ന് സർക്കാർ നീക്കം ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.