താഴത്തങ്ങാടി വള്ളംകളി; വഴി മാറിയത് വൻ ദുരന്തം
text_fieldsകോട്ടയം: താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരത്തിലെ പ്രതിഷേധത്തിനിടെ വഴി മാറിയത് വൻദുരന്തം. അതിവേഗം തുഴഞ്ഞുവരുന്ന ചെറുവള്ളങ്ങളുടെ മുന്നിലേക്കാണ് ചുണ്ടൻവള്ളം കുറുകെയിട്ട് കുമരകം ടൗൺ ബോട്ട് ക്ലബ് പ്രതിഷേധിച്ചത്. ചെറുവള്ളങ്ങൾ ചുണ്ടനുമേൽ ഇടിച്ചുകയറിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് താഴത്തങ്ങാടി സാക്ഷ്യം വഹിച്ചേനെ. ചെറുവള്ളങ്ങളിലെ തുഴച്ചിലുകാരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
ചെറുവള്ളങ്ങളുടെ മത്സരം നടക്കുന്നതിനിടെയായിരുന്നു നടുഭാഗം ചുണ്ടനിൽ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പ്രതിഷേധം. ഈ സമയം രണ്ടു ട്രാക്കുകളിലായി രണ്ടു ചെറുവള്ളങ്ങൾ മത്സരിക്കുകയായിരുന്നു. പെട്ടെന്ന് ചുണ്ടൻവള്ളം കുറുകെയിട്ടതോടെ ചെറുവള്ളങ്ങൾ കഠിനമായി പരിശ്രമിച്ചാണ് വേഗം കുറച്ച് നിയന്ത്രണവിധേയമാക്കിയത്. പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന വള്ളം കരക്കും ചുണ്ടനും ഇടയിലുണ്ടായിരുന്ന വിടവിലൂടെ വേഗം കുറച്ച് വല്ല വിധേനയും മറികടന്നു.
എന്നാൽ കിഴക്കുഭാഗത്തെ വള്ളം ചുണ്ടനടുത്തുവരെയെത്തി നിൽക്കുകയായിരുന്നു. ഈ സമയത്ത് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും പൊലീസും നിഷ്ക്രിയരായെന്നും ആരോപണമുണ്ട്. നടുഭാഗം ചുണ്ടനിലെ തുഴച്ചിലുകാരുടെ ക്യാപ്റ്റൻ പവിലിയിനിലെത്തി ബഹളമുണ്ടാക്കിയെന്നും പറയുന്നു.
ചുണ്ടൻവള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് മത്സരത്തിനിടെയാണ് മഴ ആരംഭിച്ചത്. കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തു. തുടർന്ന് മഴക്ക് ശേഷം അരമണിക്കൂറോളം പിന്നിട്ടാണ് രണ്ടും മൂന്നും ഹീറ്റ്സുകൾ നടത്തിയത്. കാരിച്ചാൽ ചുണ്ടൻ രണ്ടാം ഹീറ്റ്സിലെ ജേതാവായി. നിരണമാണ് മൂന്നാം ഹീറ്റ്സിൽ വിജയിച്ചത്. അവസാനറൗണ്ടിലേക്കുള്ള ചുണ്ടൻവള്ളങ്ങളുടെ ലിസ്റ്റിൽനിന്ന് ചെറിയ സമയത്തിന്റെ വ്യത്യാസത്തിൽ നടുഭാഗം ചുണ്ടൻ പുറത്തായി.
ഇതാണ് തുഴച്ചിൽകാരെ പ്രകോപിതരാക്കിയത്. ഇതോടെ മഴയത്ത് നടന്ന ആദ്യ ഹീറ്റ്സ് മത്സരം വീണ്ടും നടത്തുകയോ അല്ലെങ്കിൽ ഫൈനലിൽ തങ്ങളെക്കൂടി ഉൾപ്പെടുത്തുകയോ ചെയ്യണമെന്നായി കുമരകം ടൗൺ ബോട്ട് ക്ലബ്.
ആവശ്യം അംഗീകരിക്കില്ലെന്ന് സംഘാടകർ അറിയിച്ചതോടെയാണ് തുഴച്ചിലുകാർ വള്ളം ട്രാക്കിന് കുറുകെയിട്ട് മത്സരം അലങ്കോലപ്പെടുത്തിയത്. ഇതോടെ നാലാം സീസണിലെ ആദ്യ മത്സരം തന്നെ റദ്ദാക്കേണ്ടി വന്നു. ആറ് മത്സരങ്ങളാണ് സി.ബി.എല്ലിൽ ഇത്തവണ. അടുത്ത മത്സരം 23ന് ആലപ്പുഴ കൈനകരിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.