താഴത്തങ്ങാടി ഇമാമും സി.എസ്.ഐ ബിഷപ്പും എല്ലാവരുടെയും കണ്ണുതുറപ്പിച്ചു - വി.ഡി. സതീശൻ
text_fieldsകോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനെയും താഴത്തങ്ങാടി ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു. സാമുദായിക സ്പർധ വളർത്താനുള്ള ചില ദുഷ്ടശക്തികളുടെ ശ്രമത്തിനിടെ സംയുക്ത വാർത്താ സമ്മേളനം വിളിച്ച ഇവർ രണ്ടുപേരും കേരളത്തിന്‍റെ കണ്ണുതുറപ്പിച്ചതായി സതീശൻ അഭിപ്രായപ്പെട്ടു.
സാമുദായിക സ്പര്‍ധ വളര്‍ത്തി കേരളത്തിന്‍റെ സാമൂഹിക ഇഴയടുപ്പം പിച്ചിച്ചീന്താന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇരുവരുടെയും ഒത്തുചേരലിന് ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട്. കേരളത്തിന്‍റെ സമാധാനാന്തരീക്ഷത്തിന് പോറലേല്‍ക്കരുതെന്ന സന്ദേശവുമായാണ് ബിഷപ്പും ഇമാമും സി.എസ്.ഐ ബിഷപ്പ് ഹൗസില്‍ കഴിഞ്ഞ ദിവസം സംയുക്ത വാർത്താസമ്മേളനം നടത്താനായി ഒത്തുചേര്‍ന്നത്. ഇക്കാര്യത്തിൽ അവരെ അഭിനന്ദിക്കാനാണ് താൻ ഇവിടെ എത്തിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാജ അക്കൗണ്ടുകളിലൂടെ വിദ്വേഷം ആളിക്കത്തിച്ച് രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് ചിലരുടെ ശ്രമം. ഭരണകൂടം നോക്കുകുത്തിയായി മാറി നില്‍ക്കുകയാണ്. ഇതിനിടെയാണ് മതസൗഹാര്‍ദത്തിന് പോറല്‍ ഏല്‍ക്കാതിരിക്കാനുള്ള ശ്രമവുമായി ഈ രണ്ടു മത നേതാക്കള്‍ ഒത്തുചേര്‍ന്നത്. ഈ ഇഴയടുപ്പം തന്നെയാണ് വര്‍ഗീയവാദികളെ ഇത്രകാലവും അകറ്റിനിര്‍ത്താന്‍ കേരള സമൂഹം പുറത്തെടുത്തിരുന്ന ആയുധവും. മതസൗഹാര്‍ദവും മാനവികതയും ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യാന്‍ സമൂഹത്തിനാകെ പ്രചോദനമാകേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ് -സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.