ആലപ്പുഴയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട്; നിരോധനാജ്ഞ വീണ്ടും നീട്ടി
text_fieldsആലപ്പുഴ: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വേദിയായ ആലപ്പുഴയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഡിസംബര്‍ 22വരെ നീട്ടി. ക്രമസമാധാനം ഉറപ്പാക്കാനായി ക്രിമിനല്‍ നടപടിക്രമം 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് 22ന് രാവിലെ ആറുവരെ ദീര്‍ഘിപ്പിച്ച് കലക്ടര്‍ ഉത്തരവിട്ടത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ഷാൻ വധം: എ.ടി.എം കാർഡ് ഉപയോഗിച്ച് ഇന്ധനം നിറച്ചതിെൻറ രേഖകൾ കിട്ടി
അതിനിടെ, എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയവർ സഞ്ചരിച്ച കാറിൽനിന്ന് ആർ.സി ബുക്കും എ.ടി.എം കാർഡ് ഉപയോഗിച്ച് ഇന്ധനം നിറച്ച രേഖകളും കിട്ടി. പിൻസീറ്റിൽ മാസ്കും സ്നാക്സിെൻറ ഒഴിഞ്ഞ പാക്കറ്റും കണ്ടെത്തി.
കാറിൽ മദ്യപിച്ചതിെൻറ സൂചനകളുണ്ട്. ഡിക്കിയിൽ കുടിവെള്ളത്തിെൻറ കാലിക്കുപ്പികളും കണ്ടു. കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്ക് അന്നപ്പുര മൈതാനത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാർ. എറണാകുളം രജിസ്ട്രേഷനിലെ വെള്ള മാരുതി സ്വിഫ്റ്റ് കാറിെൻറ ഉടമ പൊന്നാട് സ്വദേശി ബേബിയാണ്.
ഞായറാഴ്ച പുലർച്ച സമീപവാസികളാണ് കാർ ആദ്യം കണ്ടത്. ദൂരയാത്രക്കാർ വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്നതിനാൽ അസ്വാഭാവികത തോന്നിയില്ല. കാറിെൻറ മുൻവശം ഇടതുഭാഗത്ത് ഷാെൻറ സ്കൂട്ടറിൽ ഇടിച്ചഭാഗത്ത് പൊട്ടലുണ്ട്. ഇതേ വശത്തെ കണ്ണാടിയും തകർന്നിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ വഴിമധ്യേ ഉപേക്ഷിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് നായ് ഇവിടെ നിന്ന് ഒന്നര കിലോമീറ്ററോളം ദൂരം ഓടി. പ്രദേശത്ത് പൊലീസ് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
അഡ്വ. രഞ്ജിത്ത് ശ്രീനിവാസെൻറ മരണകാരണം കഴുത്തിലെ മുറിവ്
ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസെൻറ കഴുത്തിനേറ്റ ആഴമേറിയ മുറിവാണ് മരണകാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ 7.30ഓടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം 10.30 വരെ നീണ്ടു. ആഴമേറിയ 20ഓളം മുറിവുകളും മറ്റ് നിരവധി ചെറിയ മുറിവുകളും ഉണ്ടായിരുന്നു. തലക്കും മുഖത്തും കഴുത്തിനും കാലുകളിലുമാണ് ആഴത്തിലുള്ള മുറിവുകള്‍.
അഡ്വ. രഞ്ജിത് ശ്രീനിവാസെൻറ മൃതദേഹം ആറാട്ടുപുഴ വലിയഴീക്കൽ തറവാട്ട് വീട്ടുവളപ്പിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. ആലപ്പുഴയിൽനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൂന്നരയോടെയാണ് മൃതദേഹം രഞ്ജിത്തിെൻറ പിതാവിെൻറ തറവാടായ കുന്നുംപുറത്ത് എത്തിയത്. നാട്ടുകാരും പാർട്ടി പ്രവർത്തകരുമടക്കം നൂറുകണക്കിനുപേര്‍ ആദരാഞ്ജലികൾ അർപ്പിക്കാൻ കാത്തുനിന്നു. സേവാഭാരതിയുടെ ആംബുലന്‍സിനെ കാറുകളിലും ബൈക്കുകളിലുമായി പ്രവര്‍ത്തകർ അനുഗമിച്ചു.
മെഡിക്കൽ കോളജ് ആശുപത്രി വളപ്പില്‍നിന്ന് വാഹനം ദേശീയപാതയിലെത്തിയപ്പോഴും പ്രവര്‍ത്തകരുടെ നീണ്ടനിരയായിരുന്നു. പിതൃസഹോദരൻ എസ്. സജീവെൻറ വീടിന് മുന്നിൽ പിതാവ് ശ്രീനിവാസെൻറ കുഴിമാടത്തിനരികിലാണ് ചിതയൊരുക്കിയത്. വൈകീട്ട് 5.10ഓടെ സഹോദരൻ അഭിജിത്തും രഞ്ജിത്തിെൻറ മക്കളായ ഭാഗ്യ, ഹൃദ്യ എന്നിവരും ചേർന്നാണ് ചിതക്ക് തീകൊളുത്തിയത്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ തുടങ്ങിയവർ സാക്ഷിയായി. പൊലീസ് നിർദേശത്തെതുടർന്ന് വിലാപയാത്ര കടന്നുപോകുന്നതുവരെ തീരദേശത്തെ കടകൾ അടച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാന്ദ റായ് അടക്കം പ്രമുഖർ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.