15കാരൻ ആംബുലൻസ് കടത്തിയ സംഭവം: സുരക്ഷവീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ
text_fieldsതൃശൂർ: കോർപറേഷൻ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15കാരൻ ആംബുലൻസ് ഓടിച്ചുപോയ സംഭവത്തിൽ സുരക്ഷവീഴ്ചയുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച് അധികൃതർ വിശദമായി പരിശോധിക്കുകയാണ്. സംഭവ സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർ ബിജോ ജോർജിനെ ഡ്യൂട്ടിയിൽനിന്ന് മാറ്റിനിർത്തി.
പനി ബാധിച്ച് ചികിത്സയിലിരുന്ന വിദ്യാർഥി തിങ്കളാഴ്ച വൈകീട്ടാണ് ആംബുലൻസുമായി പോയത്. ആശുപത്രിയിൽ പാർക്ക് ചെയ്ത ആംബുലൻസ് എട്ട് കിലോമീറ്ററോളം ഓടി ഒല്ലൂർ ആനക്കല്ലിൽ ഇന്ധനമില്ലാതെ ഓഫായി. സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
കുട്ടി ആംബുലൻസ് കൊണ്ടുപോയത് സുരക്ഷജീവനക്കാരുടെ ഇടയിൽനിന്നാണ്. കിസാൻസഭ സമ്മേളനജാഥകൾ വരുന്ന സമയത്താണ് ആംബുലൻസുമായി ഇറങ്ങിയത്. ജി.പി.ഐ സംവിധാനമുള്ളതിനാലാണ് പെട്ടെന്ന് ആംബുലൻസ് കണ്ടെത്താനായത്. വാഹനത്തിൽ ആളില്ലാതെ താക്കോൽ വെച്ച് പോയത് വീഴ്ചയാണെന്നാണ് വിലയിരുത്തൽ. സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് സർവിസ് നടത്തുന്നതെങ്കിലും ആശുപത്രിക്ക് ആംബുലൻസുമായി ബന്ധമില്ലാത്തതിനാൽ ആശുപത്രിയുടെ വീഴ്ചയിൽ ഉൾപ്പെടില്ലെന്നും പറയുന്നു.
സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലയുടെ ചുമതലയുള്ള പ്രോഗ്രാം മാനേജർ പി.എസ്. കിരണിന് നിർദേശം നൽകിയതായി കനിവ് 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവിസസ് സംസ്ഥാന ഓപറേഷൻസ് മേധാവി ശരവണൻ അരുണാചലം അറിയിച്ചു. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ആംബുലൻസ് ഡ്രൈവർ പരാതി നൽകിയിട്ടുണ്ടെന്നും ശരവണൻ അരുണാചലം പറഞ്ഞു. സംഭവം അന്വേഷിക്കുമെന്ന് കേരള മെഡിക്കൽ സർവിസസ് കോർപറേഷനും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.