21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 15 കാരനെ പിടികൂടിയത് മണിക്കൂറുകൾക്കകം
text_fieldsകൊണ്ടോട്ടിയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 15 കാരനായ പ്രതിയെ പൊലീസ് വലയിലാക്കിയത് മണിക്കൂറുകൾക്കകം. ജില്ല ജൂഡോ ചാമ്പ്യനായ പത്താം ക്ലാസുകാരാനാണ് അറസ്റ്റിലായത്. പിടിയിലായ വിദ്യാര്‍ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നു പൊലിസ് പറഞ്ഞു. അക്രമത്തിനിരായ വിദ്യാര്‍ഥിനിയുടെയും സമീപവാസികളുടെയും മൊഴികളും സി.സി.ടി.വി ദൃശങ്ങളുമാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്യാന്‍ പൊലീസിനെ സഹായിച്ചത്.
തിങ്കളാഴ്ച്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോളേജിലേക്ക് പോവുകയായിരുന്നു 21 കാരിയെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് പ്രതി കീഴ്പ്പെടുത്തി വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുകയായിരുന്നു. കുതറി മാറി രക്ഷപെട്ട പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറിയാണ് രക്ഷപ്പെട്ടത്.
പ്രതി പെണ്‍കുട്ടിയെ ഒരുകിലോമീറ്ററോളം ദൂരം പിന്തുടര്‍ന്നാണ് ആക്രമിച്ചത്. പെണ്‍കുട്ടിയുടെ പിറകില്‍നിന്ന് മുഖം പൊത്തിപിടിക്കുകയും ഒരു മീറ്ററിന് മുകളില്‍ ഉയരമുള്ള മതിലിന് മുകളിലൂടെ വാഴത്തോട്ടത്തിലേക്ക് വലിച്ചിടുകയുമായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സ തേടി.
പ്രതിയുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിരുന്നു. പരിസരങ്ങളിലെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ മുഴുവൻ പരിശോധിച്ചു. മലപ്പുറത്ത് നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ജില്ലാ ജുഡോ ചാമ്പ്യനായ അക്രമിയെ പെൺകുട്ടി സധൈര്യം പ്രതിരോധിക്കുകയായിരുന്നു. ആക്രമണത്തിനിടെ അക്രമിയായ 15 കാരനും മുറിവേറ്റിരുന്നു. ഈ പരിക്കാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചത്.
15കാരനായ പ്രതി ജൂഡോ ചാമ്പ്യൻ, പെൺകുട്ടി ശക്തമായി ചെറുത്തുനിന്നെന്ന് പൊലീസ്
കൊണ്ടോട്ടിയിൽ വിദ്യാർഥിനിയെ ആക്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരൻ കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം ചെയ്തതെന്ന് മലപ്പുറം എസ്.പി. പീഡനം തന്നെയായിരുന്നു ഉദ്ദേശ്യമെന്നാണ് പൊലീസ് നിഗമനം.
പ്രതിക്ക് കായികമായി നല്ല കരുത്തുണ്ട്. ജില്ല തലത്തിൽ ജൂഡോ ചാമ്പ്യനാണ്. പെൺകുട്ടി ശക്തമായി ചെറുത്തുനിന്നുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ല. പെൺകുട്ടിയെ പ്രതി പിന്തുടർന്നിരുന്നു. പിതാവിന്‍റെ സാന്നിധ്യത്തിൽ പ്രതിയുടെ ചോദ്യംചെയ്യൽ പൂർത്തിയായിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കില്ല. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നിലവിൽ വധശ്രമത്തിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
കോളജിലേക്ക് പോവുന്നതിനിടെ പട്ടാപ്പകൽ കൊണ്ടോട്ടി കൊട്ടൂക്കരയിൽ വെച്ചാണ് 21കാരിക്ക് നേരെ ആക്രമണമുണ്ടായത്. പിറകിൽ നിന്നും കടന്നുപിടിച്ച ശേഷം സമീപത്തെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു. വസ്ത്രങ്ങൾ വലിച്ചു കീറാൻ ശ്രമിച്ചു. തലയിൽ കല്ലു കൊണ്ടടിച്ചു. പെൺകുട്ടി കുതറി മാറി. പ്രതി പിറകെ വന്നെങ്കിലും തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ പെൺകുട്ടി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും ചികിൽസ തേടി. പരിക്ക് ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.