എൽ.ഡി.എഫ് സർക്കാർ പാസാക്കിയ 1999ലെ നിയമം തകർത്തത് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തെ
text_fieldsകോഴിക്കോട്: നിയമസഭ പാസാക്കിയ1999 ലെ പട്ടികവർഗ (ഭൂമി കൈമാറ്റ നിയമന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കലും) നിയമം തകർത്തത് അട്ടപ്പാടിയിലെ ആദിവാസി ജീവിതത്തെയെന്ന് കണക്കുകൾ. സർക്കാർ കണക്ക് പ്രകാരം നിയമ പരിരക്ഷ ലഭിച്ചത് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങളിൽ 3.7 ശതമാനത്തിന് മാത്രം. ഭൂമി നഷ്ടപ്പെട്ട 955 ആദിവാസി കുടുംബങ്ങളിൽ 919 പേർക്കും സർക്കാർ സ്വന്തം ഭൂമിയോ നൽകിയില്ല. 1975 ലെ നിയമത്തിന് പകരം പുതിയ നിയമം പാസാക്കിയത് ആദിവാസി സംരക്ഷണത്തിനാണെന്ന് എൽ.ഡി.എഫ് സർക്കാർ വാദിച്ചിരുന്നു.
എന്നാൽ ആദിവാസികൾക്ക് നിയമം വഴി പ്രയോജനമുണ്ടായില്ലെന്നാണ് റവന്യൂവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പാസാക്കി ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികളെ സംബന്ധിച്ചിടത്തോളം നിയമം റവന്യൂ വകുപ്പിന്റെ ചുവപ്പ് നാടയിലാണ്. ഇക്കാര്യത്തിൽ റവന്യൂ ഉദ്യോഗസ്ഥർ ആദിവാസികളെ കബളിപ്പിക്കുകയാണ്. സർക്കാർ കണക്ക് പ്രകാരം അട്ടപ്പാടിയിൽ 955 ആദിവാസി കുടുംബങ്ങളുടെ ഭൂമി അന്യാധീനപ്പെട്ടു. അതിൽ 750 കുടുംബങ്ങൾക്ക് അഞ്ച് ഏക്കറിൽ താഴെ ഭൂമിയാണ് നഷ്ടപ്പെട്ടത്.
അവർക്ക് പകരം ഭൂമി നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ആദിവാസി ഭൂമി കൈയേറിയവർക്ക് നികുതി അടച്ച് ഭൂമി സ്വന്തമാക്കാനുള്ള അനുമതി റവന്യൂ വകുപ്പ് നൽകി. നിയമപ്രകാരം അർഹതയുള്ള ആദിവാസികളിൽ ഒരാൾക്കും ഇതുവരെ അട്ടപ്പാടിയിൽ പകരം ഭൂമി ലഭിച്ചിട്ടില്ല.
പകരം ഭൂമി നൽകേണ്ട കുടുംബങ്ങളുടെ പട്ടിക ഇപ്പോഴും റവന്യൂ വകുപ്പ് തയാറാക്കിയിട്ടില്ല. ഈ കുടുംബങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽനിന്നോ അനുയോജ്യമായ മറ്റ് ഭൂമിയോ കണ്ടെത്തി നൽകുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണർ പാലക്കാട് കലക്ടർക്ക് നിർദേശം നൽകിയെന്നാണ് മന്ത്രി കെ. രാജൻ വി. ശശിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകിയത്. അതേസമയം ഭൂമി കൈയേറിയവർക്ക് നിയമ പരിരക്ഷ ലഭിക്കുകയും ചെയ്തു.
അതേസമയം അഞ്ച് ഏക്കറിലധം ഭൂമി കൈയേറ്ററിയവർക്ക് അഞ്ചേക്കർ സ്വന്തമാക്കാം. അഞ്ച് ഏക്കർ കഴിഞ്ഞുള്ള ഭൂമി ആദിവാസി കുടുംബത്തിന് തിരിച്ചു നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. 205 പേർക്കാണ് അഞ്ച് ഏക്കറിലധികം ഭൂമി നഷ്ടപ്പെട്ടത്. അതിൽ 36 പേർക്ക് അട്ടപ്പാടിയിൽ 123 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു നൽകിയെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ശിശു മരണം അട്ടപ്പാടിയിൽ തുടർക്കഥയാവുമ്പോൾ പ്രതികൂട്ടിൽ നിൽകുന്നത് സർക്കാർ സംവിധാനത്തിന്‍റെ കെടുകാര്യസ്ഥതയാണ്. റവന്യൂവകുപ്പ് ആദിവാസികളോട് നടത്തിയത് കൊടുംക്രൂരതയാണെന്ന അഭിപ്രായത്തെ റവന്യൂ മന്ത്രിക്ക് നിരാകരിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.