92 വയസിൻ്റെ ചുറുചുറുക്കിലും വായന കൈവിടാതെ ആസ്യ ഹജ്ജുമ്മ
text_fieldsഎകരൂൽ: വായന മരിച്ചു കൊണ്ടിരിക്കുന്നുവെന്ന് മുറവിളി ഉഴരുമ്പോഴും 92ാം വയസ്സിലും കണ്ണടയുടെ സഹായം പോലുമില്ലാതെ വായന തുടരുകയാണ് ആസ്യ ഹജ്ജുമ്മ. ശരീരത്തിൽ വാർധക്യത്തിൻ്റെ അവശതകളുണ്ടെങ്കിലും വായനയിലും ഓർമ ശക്തിയിലും ആസ്യ ഹജ്ജുമ്മ ചെറുപ്പമാണ്.
ഈ വാർധക്യ കാലത്തും പത്രവായന മുടക്കം വരുത്താതെ തുടരുകയാണ് ഇവർ. ''മാധ്യമ'' മാണ് ഓരോ ദിവസത്തേയും വായനയുടെ തുടക്കം. പുലരും മുമ്പേ ഉണരുന്ന ഇവരുടെ ദിനചര്യയിൽ പ്രധാനമാണ് മുടങ്ങാതെയുള്ള പത്രവായന. വായിക്കാൻ ഈ പ്രായത്തിലും കണ്ണട ഉപയോഗിക്കാറില്ല. ഉണ്ണികുളം കപ്പുറം മഞ്ഞമ്പ്രകണ്ടി പരേതനായ ആലിയുടെ ഭാര്യയാണ് ആസ്യ ഹജ്ജുമ്മ. 12 പ്രസവത്തിൽ 13 മക്കൾക്ക് ജന്മം നൽകി. നാലു പേർ മരിച്ചു.
ആറ് ആണും മൂന്ന് പെണ്ണുമടക്കം ഒമ്പത് പേർ ജീവിച്ചിരിപ്പുണ്ട്. മക്കളും പേരമക്കളുമടക്കം നൂറിലധികം പേരാണ് ഇവരുടെ കുടുബത്തിൽ ഉള്ളത്. സ്വയം വായിക്കുക മാത്രമല്ല മക്കളെയും പേരക്കുട്ടികളെയും വായിക്കാൻ നിരന്തരം പ്രേരിപ്പിക്കും. ഇതിനായി പുസ്തകങ്ങൾ സ്വന്തമായി വാങ്ങി സമ്മാനമായി നൽകും. വട്ടോളി എൽ.പി സ്കൂളിൽ മൂന്നാം തരം വരെ മാത്രമെ ഔദ്യോഗിക പഠനം നടത്തിയിട്ടുള്ളുവെങ്കിലും നിരന്തര വായനയിലൂടെ സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ അവഗാഹം നേടിയിട്ടുണ്ട്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അധ്യാപകൻ അടിച്ചതിനെ തുടർന്ന് പിതാവ് പഠനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വട്ടോളി നെരോത്ത് കുടുംബാംഗമായ ആസ്യ ഹജ്ജുമ്മ പറഞ്ഞു.
ഐ.പി.എച്ച് പ്രസിദ്ധീകരിച്ച യൂസുഫുൽ ഖറദാവിയുടെ ''സമയം വിശ്വാസിയുടെ ജീവിതത്തിൽ'', ഖുറം മുറാദിൻ്റെ പുലർകാല യാമങ്ങളിൽ, റഫീഖ് റഹ്മാൻ മൂഴിക്കൽ രചിച്ച ''മദീന മുനവറ, ചരിത്രം വർത്തമാനം'' തുടങ്ങി നൂറുകണക്കിന് പുസ്തകങ്ങൾ വായിച്ചു തീർത്തതായി ആസ്യ ഹജ്ജുമ്മ പറഞ്ഞു. 2000 ൽ ബന്ധുക്കളോടൊപ്പം ഹജ്ജ് ചെയ്തു. കേൾവിക്ക് അൽപ്പം കുറവുണ്ടെന്ന തൊഴിച്ചാൽ മറ്റു വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. ചെറുപ്പത്തിൽ അരണ്ട വെളിച്ചത്തിൽ തുടങ്ങിയ വായനാ ശീലത്തിന് വാർധക്യം തടസ്സമായി നിന്നില്ലെന്നും പുതിയ തലമുറ വായന മറന്നപ്പോഴും താൻ വായന തുടരുകയാണെന്നും ആസ്യ ഹജ്ജുമ്മ പറയുന്നു.
പുസ്തകങ്ങൾ വാങ്ങി വായിച്ചതിന് ശേഷം സൂക്ഷിച്ചു വെക്കുന്നതിൻ്റെ സന്തോഷം ഈ ഹജ്ജുമ്മക്ക് വേറെ തന്നെയാണ്. ഐ.പി.എച്ചി ൽ ജോലി ചെയ്യുന്ന മകൻ അബ്ദുൽ സമദിനെയാണ് പുസ്തകങ്ങൾ എത്തിക്കാൻ ആശ്രയിക്കുന്നത്. വായിച്ചു വളരാനാണ് പുതിയ തലമുറയോട് ഇവർക്ക് പറയാനുള്ളത്. വായനയിലൂടെ നേടിയെടുത്ത ഉൾക്കാഴ്ചയും പരിജ്ഞാനവും മറ്റൊന്നിനും നൽകാനാവില്ല. യുവ തലമുറകൾക്കുൾപ്പെടെ മാതൃകയായ ഈ പഴമക്കാരി വായന ദിനത്തിൽ വായന മരിക്കുന്നില്ലെന്ന സന്ദേശവും സമൂഹത്തിന് പകരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.