'തട്ടിക്കൊണ്ടുപോയവർ മർദിച്ചു, അറിയുന്ന ആളും കൂട്ടത്തിലുണ്ടായിരുന്നു'
text_fieldsകോഴിക്കോട്: തട്ടിക്കൊണ്ടുപോയവർ തന്നെ മർദിച്ചെന്നും അക്രമികളുടെ കൂട്ടത്തിൽ അറിയുന്ന ഒരാളുണ്ടായിരുന്നെന്നും താമരശ്ശേരിയിൽ തട്ടിക്കൊണ്ടുപോയ പ്രവാസി വ്യാപാരി അഷ്റഫ്. ഒരു അജ്ഞാത കേന്ദ്രത്തിലായിരുന്നു താമസിപ്പിച്ചത്. സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു അവർ സംസാരിച്ചത്. എന്നാൽ തനിക്ക് അത്തരം യാതൊരു ഇടപാടും ഉണ്ടായിരുന്നില്ല. മൂന്നാം ദിവസം റോഡരികിൽ ഇറക്കിവിടുകയായിരുന്നെന്നും അഷ്റഫ് പറയുന്നു.
സുമോയിലും സ്വിഫ്റ്റ് കാറിലും എത്തിയവരാണ് തന്‍റെ സ്കൂട്ടർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയത്. അതിൽ കണ്ടാൽ അറിയുന്ന ഒരാളുണ്ടായിരുന്നു. വണ്ടിയിൽ കയറെടാ എന്ന് പറഞ്ഞ് ബലമായി പിടിച്ചുകയറ്റുകയായിരുന്നു. നല്ല വേഗതയിലാണ് വണ്ടി പോയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവർ പറഞ്ഞത്. ആദ്യത്തെ വണ്ടിയിൽ കുറച്ച് ദൂരം പോയ ശേഷം തന്നെ വേറെ വണ്ടിയിലേക്ക് മാറ്റി.
കണ്ണ് കെട്ടിയിരുന്നു. പുറത്തേക്ക് നോക്കാൻ സമ്മതിച്ചിരുന്നില്ല. മൂന്ന് മണിക്കൂറോളം യാത്ര ചെയ്ത ശേഷം ഒരു വീട്ടിലേക്ക് കൊണ്ടുപോയി. ഹെൽമറ്റ് ധരിപ്പിച്ച് കണ്ണുകെട്ടിയാണ് കൊണ്ടുപോയത്. അവിടുന്ന് മർദിച്ചു. ഇന്നലെ വരെ ആ മുറിയിലായിരുന്നു. ഇതിന് ശേഷം ഹെൽമറ്റ് ഇട്ട് കണ്ണുകെട്ടി വണ്ടിയിൽ കയറ്റി വേറൊരു സ്ഥലത്തേക്ക് കൊണ്ടുപോയി. പിന്നീട് വണ്ടിക്കൂലി തന്ന് റോഡിൽ ഇറക്കിവിട്ടു. ഫോണും പേഴ്സും എ.ടി.എം കാർഡുമെല്ലാം നഷ്ടമായിരുന്നു. ഇവിടെനിന്ന് ഒരു ഓട്ടോ കിട്ടി മെയിൻ റോഡിലെത്തി. ആറ്റിങ്ങൽ വെച്ചാണ് ബസ് കേറിയത്. താമരശ്ശേരി ബസ് കണ്ടപ്പോൾ ഉടൻ കേറിപ്പോരുകയായിരുന്നു. എനിക്ക് വേറെ സാമ്പത്തിക ഇടപാടുകളൊന്നുമില്ല. പക്ഷേ, ചില സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് തട്ടിക്കൊണ്ടുപോയവർ സംസാരിച്ചത്. കഴുത്തിലും കൈയിലുമൊക്കെ മർദനത്തിന്‍റെ പാടുകളുണ്ട് -അഷ്റഫ് പറയുന്നു.
ശനിയാഴ്ച രാത്രിയാണ് താമരശ്ശേരി ആവേലം സ്വദേശിയായ അഷ്‌റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നതിനിടെയാണ് അഷ്‌റഫ് ചൊവ്വാഴ്ച രാത്രി തിരികെ എത്തിയത്.
അഷ്‌റഫിന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. കരിപ്പൂർ സ്വർണക്കവർച്ചാ കേസ് പ്രതി അലി ഉബൈറാനുമായി ബന്ധുവിനുള്ള സാമ്പത്തിക ഇടപാടിന്റെ പേരിലാണ് അഷ്‌റഫിനെ സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് കരുതുന്നത്.
തട്ടിക്കൊണ്ടു പോകാനുപയോഗിച്ച രണ്ട് വാഹനങ്ങൾ കണ്ടെത്തിയ പൊലീസ് സുമോ വാഹനം ഓടിച്ചിരുന്ന രണ്ടത്താണി സ്വദേശി മുഹമ്മദ് ജവഹറിനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വർണ്ണ കവർച്ച കേസ് പ്രതി അലി ഉബൈറാന്റെ സഹോദരങ്ങളായ ഹബീബു റഹ്മാൻ, മുഹമ്മദ് നാസ് എന്നിവരെയും പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.