കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി രക്ഷപ്പെട്ടു
text_fieldsകാസർകോട്: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കാസർകോട്ടെ കോടതിയിലേക്ക് ഹാജരാക്കാൻ കൊണ്ടുവന്ന മയക്കുമരുന്ന് കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. അണങ്കൂരിലെ അഹമ്മദ് കബീറാണ് (26) ബുധനാഴ്ച വിദ്യാനഗർ കോടതി സമുച്ചയത്തിന് മുന്നിലെ ഹോട്ടലിൽനിന്ന് രക്ഷപ്പെട്ടത്. മയക്കുമരുന്നുമായി കാസർകോട് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു.
എക്‌സൈസ് പിടികൂടിയ മയക്കുമരുന്ന് കേസിൽ ഹാജരാക്കാൻ കണ്ണൂരിൽനിന്ന് പൊലീസുകാരുടെ അകമ്പടിയോടെയാണ് കോടതിയിൽ എത്തിച്ചത്. വിദ്യാനഗറിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പോയപ്പോഴാണ് മുങ്ങിയത്. പ്രതിക്കായി പൊലീസ് തിരിച്ചിൽ ഊർജിതമാക്കി. രക്ഷപ്പെടാൻ സഹായിച്ചയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ബദിയടുക്ക, വിദ്യാനഗർ, കാസർകോട് പൊലീസ് സ്‌റ്റേഷനുകളിലും എക്‌സൈസിലും മയക്കുമരുന്ന് പിടികൂടിയതിന് കേസുണ്ട്.
സിറ്റിഗോൾഡ് ജ്വല്ലറിയിൽനിന്ന് സ്വർണാഭരണം മോഷ്ടിച്ച കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകൾക്കു മുമ്പ് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കാസർകോട്ടെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ കണ്ണൂർ എ.ആർ. ക്യാമ്പിലെ എ.എസ്.ഐ ഉൾപ്പടെ മൂന്നുപേരെ സസ്‍പെൻഡ് ചെയ്തിരുന്നു. ആഴ്ചകൾക്കുശേഷം ബംഗളൂരുവിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.