ആരോപണ വിധേയൻ തന്നെ നവകേരള സദസ്സിലെ പരാതി അന്വേഷിക്കും!
text_fieldsകൽപറ്റ: നവകേരള സദസ്സിൽ ലഭിച്ച പരാതിയിൽ അന്വേഷണം നടത്താൻ നിർദേശിച്ചത് ആരോപണ വിധേയനോട്.
കൽപറ്റ മുനിസിപ്പാലിറ്റിയിലെ ആറാം വാർഡിൽ ഭൂമി മണ്ണിട്ട് നികത്തിയതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് രൂപപ്പെടുകയും പ്രദേശവാസികളുടെ വീടിനും ജീവനും ഭീഷണിയായിത്തീരുകയും ചെയ്തെന്ന പരാതിയിലാണ് ആരോപണ വിധേയനായ നഗരസഭ സെക്രട്ടറിക്ക് തന്നെ പരാതി കൈമാറിയതായി എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ അറിയിച്ചിരിക്കുന്നത്. നഗരസഭയുടെ സാമ്പത്തിക ചെലവിൽ നിർമിച്ച ഡ്രൈനേജാണ് കഴിഞ്ഞ ജൂലൈയിൽ ഭൂവുടമ മണ്ണിട്ട് നികത്തിയെന്ന ആരോപണമുള്ളത്.
വയൽ മണ്ണിട്ട് നികത്തിയതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടുവെന്നും ഇത് തൊട്ടടുത്തുള്ള വീടുകൾക്കുൾപ്പടെ ഭീഷണിയാണെന്നും കാണിച്ച് പ്രദേശവാസികൾ ആദ്യം നഗരസഭക്കാണ് പരാതി നൽകിയത്.
എന്നാൽ പരാതിയിൽ നടപടികളൊന്നുമുണ്ടാവാത്തതിനെ തുടർന്ന് ഇവർ കലക്ടറെ സമീപിക്കുകയായിരുന്നു. ആർ.ഡി.ഒ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരുടെ റിപോർട്ടിനെ തുടർന്ന് , നീരൊഴുക്കിന് തടസ്സമായ മണ്ണ് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഭൂവുടമക്ക് കലക്ടടറുടെ ഓഫിസ് നിർദേശം നൽകി.
ഭൂവുടമ മണ്ണ് നീക്കാത്തപക്ഷം നഗരസഭ നടപടി സ്വീകരിക്കുകയും ഇതിനായി വരുന്ന ചെലവ് ഭൂവുടമയിൽ നിന്ന് ഈടാക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. തുടർന്ന് നഗരസഭ സെക്രട്ടറി ഉൾപ്പടെ സ്ഥലത്ത് പരിശോധന നടത്തുകയും മണ്ണ് നീക്കം ചെയ്തെന്ന് വരുത്തിത്തീർക്കാൻ കുറച്ച് മണ്ണ് മാത്രം നീക്കം ചെയ്തുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. തുടർന്നാണ് മണ്ണ് നീക്കം ചെയ്യാൻ കലക്ടറേറ്റിൽ നിന്നു ഉത്തരവുണ്ടായിട്ടും നഗരസഭ സെക്രട്ടറി നടപടി സ്വീകരിക്കാത്തത് സംബന്ധിച്ച് കഴിഞ്ഞ മാസം നടന്ന മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിൽ പരാതി നൽകിയത്. ഈ പരാതിയാണ് നഗരസഭക്ക് തന്നെ കൈമാറിയതായി കാണിച്ച് പരാതിക്കാർക്ക് വ്യാഴാഴ്ച സന്ദേശം ലഭിച്ചത്.
അതേസമയം ഇത് സംബന്ധിച്ച് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറെ സമീപിച്ചപപ്പോൾ ഓഫിസിന് പറ്റിയ അബദ്ധമാണെന്ന വിശദീകരണമാണ് നൽകിയതെന്ന് പരാതിക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.