ജയിലിൽ കോവിഡ് വർധിച്ചുവെന്ന്; അഭയ കേസിലെ പ്രതി ഫാ. കോട്ടൂരിന് 90 ദിവസം പരോൾ
text_fieldsതിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വർധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി സിസ്റ്റർ അഭയ കൊലക്കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് 90 ദിവസത്തെ പരോൾ അനുവദിച്ചതായി സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്‌ക്കൽ അറിയിച്ചു. കോവിഡ് വർധിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയിലിലെ ഹൈപവർ കമ്മിറ്റി 90 ദിവസം പരോൾ അനുവദിച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം പ്രതി ഫാ. തോമസ് കോട്ടൂർ ജയിലിൽ നിന്നിറങ്ങി.
ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാർ, ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ്, ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയിൽ ഹൈപവർ കമ്മിറ്റി, 60 വയസ്സു കഴിഞ്ഞ പ്രതികൾക്ക് പരോൾ അനുവദിച്ചതിന്‍റെ കൂടെയാണ് അഭയ കേസിലെ പ്രതിയ്ക്കും പരോൾ ലഭിച്ചത്.
ഫാ. തോമസ് കോട്ടൂർ നൽകിയ ജാമ്യ ഹരജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഹൈകോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ അഞ്ച് പ്രാവശ്യം തള്ളിയിരുന്നു. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും, സിസ്റ്റർ സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവുമാണ് സി.ബി.ഐ. കോടതി ശിക്ഷ വിധിച്ചത്. അഞ്ച് മാസം പോലും തികയുന്നതിനു മുൻപാണ് പ്രതി തോമസ് കോട്ടൂരിന് പരോൾ അനുവദിച്ചതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു.
പ്രതികൾക്ക് കോടതിയിൽ നിന്ന് ശിക്ഷ കിട്ടിയാലും ജയിലിൽ കിടത്താതെ, ഇതുപോലുള്ള പരോളുകൾ അനുവദിച്ച് പ്രതികളെ സ്വൈര്യജീവിതം നയിക്കാൻ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.