ജാമ്യത്തിലിറങ്ങി മുങ്ങിയ പീഡനക്കേസ് പ്രതി 27 വർഷത്തിന് ശേഷം പിടിയിൽ
text_fieldsഅഞ്ചൽ: ബസ് യാത്രക്കാരിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം അഞ്ചൽ പൊലീസ് പിടികൂടി. വർക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനിൽ സജീവൻ (54) ആണ് പിടിയിലായത്. 1997 ജൂലൈ 16 നായിരുന്നു കേസിനാസ്പദമായ സംഭവം.
അഞ്ചൽ കുളത്തുപ്പുഴ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിന്റെ ഉടമയുടെ മകനും കണ്ടക്ടറുമായിരുന്നു സജീവൻ. കുളത്തൂപ്പുഴ ക്ഷേത്ര ദർശനം കഴിഞ്ഞ് ബസ്സിൽ യാത്ര ചെയ്ത അഞ്ചൽ സ്വദേശി യുവതിയെ അഞ്ചലിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തിറക്കിയ ശേഷം കാറിൽ കയറ്റി വർക്കല, പരവൂർ എന്നിവിടങ്ങളിൽ എത്തിച്ച് സ്വകാര്യ ലോഡ്ജുകളിൽ വച്ച് സജീവനും ബസ് ജീവനക്കാരുൾപ്പെടെയുള്ള പത്ത് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിക്കുകയും ദിവസങ്ങളോളം തടവിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.
ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട യുവതി നൽകിയ പരാതിയിന്മേൽ പ്രതികളെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഒന്നാം പ്രതിയായ സജീവൻ കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോകുകയും ഗൾഫിലേക്ക് കടക്കുകയും ചെയ്തു.
വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്ന് തിരികെയെത്തിയ സജീവൻ തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് താമസിച്ചു വരവേയാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. സജീവന്റെ സഹോദരിയെ ചോദ്യം ചെയ്തതിൽ നിന്നാണ് സജീവൻ ചേങ്കോട്ടുകോണത്തുള്ളതായ വിവരം പൊലീസിന് ലഭിച്ചത്. കോടതി പ്രതിയെ റിമാൻ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.