17കാരിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി 14 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ
text_fieldsഅടൂർ: സാമൂഹികമാധ്യമങ്ങൾ വഴി പരിചയപ്പെട്ട പതിനാലുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽപറമ്പിൽ വീട്ടിൽ നിന്നു പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ മാത്രനിരപ്പത്ത് ഫൗസിയ മൻസിലിൽ വാടകക്ക് താമസിക്കുന്ന അജിത് (21) ആണ് അടൂർ പൊലീസിന്റെ പിടിയിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ ഇയാൾ വശത്താക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി. ഇത് മൊബൈലിൽ പകർത്തിയശേഷം, ചിത്രവും മറ്റും മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ സ്വർണവും പണവും തട്ടിയെടുക്കുകയും പിന്നീട് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനു വിധേയയാക്കുകയും ചെയ്തുവെന്നാണ് കേസ്.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ആറുമാസം മുമ്പ് 17 വയസ്സുകാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയും നഗ്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കുകയും ചെയ്ത കേസിൽ ഇയാളെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തിരുന്നു. കോടതിയിൽ നിന്നു ജാമ്യത്തിൽ ഇറങ്ങിയ പ്രതി ജാമ്യ ഉപാധികൾ ലംഘിച്ചാണ് വീണ്ടും കുറ്റകൃത്യത്തിൽ പ്രതിയായിട്ടുള്ളത്. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് ശനിയാഴ്‌ച ഇയാളെ അറസ്റ്റ് ചെയ്തത്.
അടൂർ ഡി.വൈ.എസ്.പി ആർ. ബിനുവിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കോടതി ഇയാളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പൊലീസ് ഇൻസ്‌പെക്ടർക്ക് പുറമെ എസ്.ഐ എം. മനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ റോബി ഐസക് ശ്രീജിത്ത്, എസ്. അനൂപ എന്നിവരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.