കടക്ക് മുമ്പിൽ സ്ഥാപിച്ച സി.പി.എം ഫ്ലക്സ് മാറ്റി; പൊലീസ് സാന്നിധ്യത്തിൽ തിരികെവെപ്പിച്ച് പ്രവർത്തകർ
text_fieldsപത്തനംതിട്ട: കടക്ക് മുമ്പിൽ നിന്ന് മാറ്റി സ്ഥാപിച്ച സി.പി.എം ബ്രാഞ്ച് സമ്മേളനത്തിന്‍റെ ഫ്ലക്സ് ബോർഡ് കടയുടമയായ യുവസംരംഭകനെ കൊണ്ട് പുനഃസ്ഥാപിപ്പിച്ച് പാർട്ടി പ്രവർത്തകർ. പത്തനംതിട്ട മെഴുവേലി കുറിയാനി പള്ളിയിലാണ് സംഭവം.
'ഇമ്മാനുവൽ വോയ്സ് ആൻഡ് ഇവന്‍റ്സ്' എന്ന പേരിൽ സൗണ്ട് സിസ്റ്റം സ്ഥാപനം നടത്തുന്ന ജിൻസൻ സാമിനാണ് ദുരനുഭവമുണ്ടായത്. പൊലീസിന്‍റെ സാന്നിധ്യത്തിൽ ഫ്ലക്സ് ബോർഡ് പുനഃസ്ഥാപിപ്പിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഫ്ലക്സ് ബോർഡ് അഴിച്ച ജിൻസൻ തന്നെ പുനഃസ്ഥാപിപ്പിക്കണമെന്ന് സി.പി.എം പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതേതുടർന്ന് പാർട്ടി പ്രവർത്തകരുടെയും പൊലീസിന്‍റെയും മുമ്പിൽവച്ച് ജിൻസൻ കടയുടെ മുമ്പിലെ പോസ്റ്റിൽ ബോർഡ് പുനഃസ്ഥാപിച്ചു.
സ്ഥാപിച്ച ബോർഡിന് ചെരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിൻസനെ കൊണ്ട് പാർട്ടി പ്രവർത്തകർ വീണ്ടും തകരാർ പരിഹരിപ്പിച്ചു. ഫ്ലക്സ് പുനഃസ്ഥാപിച്ചതിന് പിന്നാലെ മുദ്രാവാക്യം വിളിച്ചാണ് സി.പി.എം പ്രവർത്തകർ പ്രദേശത്ത് നിന്ന് മടങ്ങിപ്പോയത്.
സൗണ്ട് സിസ്റ്റവുമായി വരുന്ന വാഹനങ്ങൾക്ക് കടയിലേക്ക് പ്രവേശിക്കുവാൻ ഫ്ലക്സ് ബോർഡ് തടസമായിരുന്നുവെന്നും ബോർഡ് കീറിയാൽ വലിയ പ്രശ്നമാകുമെന്നത് കൊണ്ടാണ് മാറ്റി സ്ഥാപിച്ചതെന്നും ജിൻസൻ പറയുന്നു. ഫ്ലക്സ് ബോർഡ് പുരയിടത്തിൽ കൊണ്ടിട്ടത് താനല്ല.
മനഃപൂർവം ഫ്ലക്സ് ബോർഡ് പുരയിടത്തിൽ കളഞ്ഞ ശേഷം അവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. പരസ്യമായി ഫ്ലക്സ് തിരികെകെട്ടിച്ചതിൽ മനോവിഷമമുണ്ട്. തനിക്ക് രാഷ്ട്രീയമില്ലെന്നും അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും ജിൻസൻ പറഞ്ഞു.
ഫ്ലക്സ് ബോർഡിന്‍റെ പേരിൽ സംഘർഷം ഒഴിവാക്കാനാണ് പൊലീസിനെ വിളിച്ചുവരുത്തിയതെന്ന് സി.പി.എം നേതൃത്വം വിശദീകരിക്കുന്നു. പ്രശ്നം സമാധാനപരമായാണ് പരിഹരിച്ചത്. ബോർഡ് പഴയ സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ധിക്കാരത്തോടെ ജിൻസൻ സംസാരിച്ചതെന്നും നേതാക്കൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.