വ്യക്തിപരമായ നേട്ടത്തിനല്ല പരാതി നൽകിയതെന്ന് നടി
text_fieldsതിരുവനന്തപുരം: വ്യക്തിപരമായ നേട്ടത്തിനല്ല പരാതി നൽകിയതെന്ന് യുവനടനെതിരെ പരാതി ഉന്നയിച്ച നടി. അന്വേഷണ സംഘത്തിന് മൊഴി കൊടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കലാരംഗത്ത് നേരിട്ട പ്രശ്‌നമാണ് പരാതിയായി ഉന്നയിച്ചത്. ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഫേക്ക് നമ്പറുകളിൽനിന്ന് രാത്രി 12.30ന് ശേഷമൊക്കെ കാളുകൾ വരുന്നുണ്ട്. ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ആശങ്കയിലാണ് കുടുംബം. തനിക്ക് രണ്ടു മക്കളുണ്ട്, അവരെ വളർത്തേണ്ട ഉത്തരവാദിത്തമുണ്ട്. കുടുംബത്തിൽനിന്ന് പിന്തുണ ലഭിക്കുന്നില്ല. പിന്തുണ കിട്ടിയാൽ നടന്റെ പേര് വെളിപ്പെടുത്തും. ആരും ഭീഷണിപ്പെടുത്താൻ നോേക്കണ്ടതില്ല. മാധ്യമപ്രവർത്തകർ എന്ന പേരിലും ചിലർ വരുന്നുണ്ട്.
സുരക്ഷ ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായത്. പിന്നിൽനിന്ന് യുവതാരം അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് ഇയാൾ മാപ്പ് പറഞ്ഞ് തലയൂരി. കഴിഞ്ഞ ദിവസം ഓൺലൈനുകളിൽ വന്നത് അഭിമുഖത്തിന്റെ എഡിറ്റഡ് രൂപമാണ്. ആരോപണം ഉന്നയിച്ച അന്നും മാധ്യമങ്ങൾ പേര് ചോദിച്ചപ്പോൾ ആരുടെയും പേര് വെളിപ്പെടുത്തില്ലെന്ന് പറഞ്ഞിരുന്നു. ആ നിലപാട് തന്നെയാണ് ഇപ്പോഴും. പരാതി ഉന്നയിച്ച നടന്റെ ഒരു വലിയ സിനിമ വരുന്നുണ്ടെന്നും അതിനെ ഡീഗ്രേഡ് ചെയ്യാനാണ് ഇത്തരം ആരോപണങ്ങളുമായി മുന്നോട്ട് വരുന്നതെന്നും ചിലർ പറയുന്നത് മറുപടി അർഹിക്കുന്നില്ല. പിന്നീട് മോശം അനുഭവമുണ്ടായത് ഒരു ഹാസ്യ നടനിൽനിന്നാണ്. അദ്ദേഹം മരിച്ചുപോയതിനാൽ പരാതിയില്ല. തങ്ങളുടെയൊക്കെ വെളിപ്പെടുത്തൽ കാരണം സിനിമ മേഖല തന്നെ പ്രതിസന്ധിയിലായെന്ന് പറഞ്ഞു കേൾക്കുന്നത് വിഷമമാണ്. സിനിമയെ ഒരിക്കലും ഈ വൃത്തികേടുമായി കൂട്ടിക്കുഴയ്‌ക്കരുതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.