രാഷ്ട്രീയക്കാരുടെ പേര് പറയാൻ ശിവശങ്കറിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന വാദം ശരിയല്ല- ഇ.ഡി
text_fieldsകൊച്ചി: എം. ശിവശങ്കർ ഇ.ഡിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ്. ശിവശങ്കർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇ.ഡി കോടതിയിൽ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. രാഷ്ട്രീയക്കാരുടേയോ മറ്റാരുടെയങ്കിലുമോ പേര് പറയാൻ ശിവശങ്കറിന് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് ഇ.ഡി അറിയിച്ചു.
രാഷ്ട്രീയ അജണ്ട വെച്ച് പെരുമാറുന്നുവെന്ന് പറയുന്നത് കോടതിയെ തെറ്റിദ്ധിരിപ്പിക്കാനെന്നും ഇ.ഡി പറയുന്നുണ്ട്. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കെയാണ് ഇ.ഡിയുടെ വിശദീകരണം.
ചില പേരുകൾ പറയാൻ കടുത്ത സമ്മർദമുണ്ടെന്നും രാഷ്ട്രീയ പ്രേരിത അന്വേഷണമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഇപ്പോൾ നടത്തുന്നതെന്നുമാണ് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോടതിയിൽ പറഞ്ഞത്. ഇതിന് മറുപടിയായാണ് ഇ.ഡി വിശദീകരണക്കുറിപ്പ് സമർപ്പിക്കുന്നത്. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതുകൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം അറിയിച്ചു.
സ്വപ്ന സുരേഷുമായി നടത്തിയെന്ന് ആരോപിക്കുന്ന വാട്സാപ് ചാറ്റ് വസ്തുതാരഹിതമാണെന്ന് ശിവശങ്കർ അറിയിച്ചു. വാട്സാപ് സന്ദേശങ്ങളുടെ പൂർണ രൂപവും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലുമായി നടത്തിയ വാട്സാപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ കേസിൽ പ്രതി ചേർത്തത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിലും സ്വപ്നയുമായി സംസാരിച്ചിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സഹായം തേടിയപ്പോഴാണ് ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് എന്നും ശിവശങ്കർ കോടതിയിൽ അറിയിച്ചു.
ഇ.ഡി അന്വേഷണ സംഘത്തിേൻറത് നുണകളും അർധ സത്യങ്ങളുമാണ്. ഇവർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ചോദ്യം ചെയ്യൽ സംബന്ധിച്ച് വിവരങ്ങൾ അന്വേഷണ സംഘം മാധ്യമങ്ങൾക്ക് നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത് മാധ്യമ വിചാരണയാണ്. ഇതിന് രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥനെ താൻ വിളിച്ചെന്ന് സമ്മതിച്ചതായി പറയുന്നത് വ്യാജമാണ്. ഭക്ഷണ പാക്കേജ് തടഞ്ഞു വച്ചപ്പോൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരെ വിളിച്ചെന്ന് മാത്രമാണ് സമ്മതിച്ചിരുന്നത്. ഒരു ഘട്ടത്തിലും കസ്റ്റംസുമായി ബന്ധപ്പെട്ട് ആരേയും വിളിച്ചിട്ടില്ല.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് തന്നെ കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നത് എങ്കിൽ അന്വേഷണം നടത്തേണ്ടത് കസ്റ്റംസാണ്. ഇ.ഡി അന്വേഷണ സംഘം കഥകൾ മെനയുകയാണ്. സ്വപ്ന സുരേഷിെൻറ അറസ്റ്റ് റിപ്പോർട്ടിൽ ലോക്കറിൽ നിന്ന് ലഭിച്ച പണം സ്വർണക്കടത്തിൽനിന്ന് ലഭിച്ചതാണെന്നാണ് പറയുന്നത്. എന്നാൽ, ഇത് സർക്കാരിെൻറ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയതിന് തനിക്ക് ലഭിച്ച കൈക്കൂലി എന്നാണ് ഇ.ഡി പറയുന്നത്. രണ്ടു കേന്ദ്ര ഏജൻസികളും രണ്ടു രീതിയിലാണ് ഇവ വിശദീകരിക്കുന്നത്. ഇ.ഡിയുടെ അന്വേഷണം ശരിയായ ദിശയിലല്ല. ജാമ്യം ലഭിക്കാതിരിക്കാൻ ഇ.ഡി നുണക്കഥകൾ പറയുകയാണെന്നും ശിവശങ്കർ കോടതിയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.