കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞു; യുവതി മരിച്ചു
text_fieldsവൈക്കം: കോട്ടയം വൈക്കത്ത് ആംബുലൻസ് മറിഞ്ഞു യുവതി മരിച്ചു. കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ടായിരുന്നു അപകടം. ആംബുലൻസ് ആദ്യം വൈദ്യുതപോസ്റ്റിലും പിന്നീട് മതിലിലും ഇടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. തലയോലപറമ്പ് മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളി തലയോലപറമ്പ് വടയാർ കോരിക്കൽ സ്വദേശിനി സനജ(35)യാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ വൈക്കം വലിയകവലക്ക് സമീപം വൈപ്പിൻ പടിയിലായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ സനജയുടെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. ആംബുലൻസിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തു ചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാരും പോലിസും ചേർന്ന് ഉടൻ വൈക്കം താലുക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ സനജയെ വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹർത്താൽ ആയതിനാൽ ആശുപത്രിയിലെ ആംബുലൻസിൽ ജീവനക്കാരെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു അപകടം. വൈക്കം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.