നരവംശ ശാസ്ത്രജ്ഞനെ കേരളത്തിലിറങ്ങാൻ അനുവദിക്കാതെ വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു
text_fieldsതിരുവനന്തപുരം: പ്രശസ്ത നരവംശ ശാസ്ത്രജ്ഞനും സോഷ്യോളജിസ്റ്റും ഇംഗ്ലണ്ടിലെ സസെക്സ് സർവകലാശാല പ്രതിനിധിയുമായ ഫിലിപ്പൊ ഒസെല്ലയെ കേരളത്തിലിറങ്ങാൻ അനുവദിക്കാതെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് തിരിച്ചയച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ തുടങ്ങുന്ന ത്രിദിന സെമിനാറിൽ പങ്കെടുക്കാൻ വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിയതായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക വിഷയങ്ങളിൽ വർഷങ്ങളായി ഇടപെടുന്ന ഇറ്റലിക്കാരനായ ഫിലിപ്പൊ വ്യാഴാഴ്ച രാവിലെ ദുബൈയിൽനിന്ന് എമിറേറ്റ്സ് വിമാനത്തിലാണെത്തിയത്.
എന്നാൽ, എമിഗ്രേഷൻ വിഭാഗത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിൽ അനുമതി നിഷേധിച്ചതിനാലാണ് ദുബൈയിലേക്ക് മടക്കി അയക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ പറയുന്നു. എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് വ്യക്തമല്ല. മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് തന്നെ തിരിച്ചയച്ചതെന്ന് ദുബൈയിൽ തിരിച്ചെത്തിയ ഫിലിപ്പൊ ഇംഗ്ലീഷ് ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു. തന്റെ ഒരുവർഷത്തെ ഗവേഷണ വിസ കാലാവധി ഏപ്രിൽ മധ്യത്തോടെ മാത്രമേ അവസാനിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും കേരളവുമായി 1980 മുതൽ അടുത്ത ബന്ധമാണ് ഫിലിപ്പൊക്കുള്ളത്. മലബാറിലെ സാംസ്കാരിക സാമൂഹിക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ഇടപെടൽ വലുതാണ്. മലബാറിലെ മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പഠനം ഏറെ ശ്രദ്ധ നേടിയതാണ്. എന്നാൽ, വിവാദങ്ങളിൽനിന്ന് എന്നും വിട്ടുനിന്ന വ്യക്തിയാണ് ഫിലിപ്പൊ. എന്നിട്ടും അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയത് സെമിനാറിന്റെ സംഘാടകരെയടക്കം ഞെട്ടിച്ചിരിക്കുകയാണ്.
മുമ്പും പലതവണ കേരള സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ വിലക്കിന്റെ കാരണം വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. ഉന്നതതല നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിശദീകരണം മാത്രമാണ് അധികൃതർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.