ട്രെയിനിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച ജനദ്രോഹ തീരുമാനം പിൻവലിക്കണം -വെൽഫെയർ പാർട്ടി
text_fieldsട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കാനും ചില പാസഞ്ചർ ട്രെയിനുകൾ നിർത്തലാക്കാനുമുള്ള റെയിൽവെയുടെ ജനദ്രോഹ തീരുമാനം പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ആവശ്യപ്പെട്ടു.
കോഴിക്കോട്: റെയിൽവേയുടെ ഈ നടപടി കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ യാത്ര അതീവ ദുരിതത്തിലാക്കും. ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന മാവേലി, മലബാർ, വെസ്റ്റ് കോസ്റ്റ് തുടങ്ങിയ ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ കുറക്കാനും തൽസ്ഥാനത്തു എസി കോച്ച് വർധിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോൾ തന്നെ ആവശ്യമായ കോച്ചുകളോ ട്രെയിനോ സംസ്ഥാനത്ത് ഇല്ല. വളരെ നേരത്തേ ബുക്ക് ചെയ്താൽ പോലും ടിക്കറ്റുകൾ ലഭ്യമാകാത്ത ട്രെയിനുകളിലെ ഉള്ള കോച്ചുകൾ കൂടി വെട്ടിക്കുറച്ചു ജനങ്ങളെ പെരുവഴിയിലാക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന പ്രീമിയം തത്ക്കാലിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന റെയിൽവേ സ്ലീപ്പർ യാത്രക്കാരെ കൊണ്ട് എ.സി ടിക്കറ്റ് എടുപ്പിച്ച് വൻ ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ കോവിഡിന്റെ മറവിൽ ജനറൽ കോച്ചുകൾ ഒഴിവാക്കിയും പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ട്രെയിനുകളാക്കി മാറ്റിയും ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചും ജനങ്ങൾക്ക് ഇരുട്ടടി നൽകിയ റെയിൽവെ ,
പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ട്രെയിനുകളാക്കിയപ്പോൾ സ്റ്റേഷനുകൾ വെട്ടിക്കുറക്കുകയും ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെ ഗതാഗത മാർഗമായ റെയിൽവേയെ ബി.ജെ.പി സർക്കാർ വരേണ്യവൽക്കരിക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ തുടർച്ചയാണിത്. ജനങ്ങളെ കഷ്ടപ്പെടുത്തുന്നതിൽ ഹരം കണ്ടെത്തുന്ന ബിജെപി സർക്കാരിനെതിരെ ശക്തമായ ജനരോഷം ഉയരണം. റെയിൽവേയുടെ ദ്രോഹ തീരുമാനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും കോച്ച് കുറക്കാൻ തീരുമാനിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രാലയത്തെ സമീപിക്കാനും സംസ്ഥാന സർക്കാർ തയാറാകണമെന്നും ജബീന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.