യുക്തിവാദികളിൽ സംഘ് വിരുദ്ധ ചേരി ശക്തിപ്പെടുന്നു
text_fieldsകൊച്ചി: സ്വതന്ത്ര ചിന്തകരെന്ന് അറിയപ്പെടുന്ന യുക്തിവാദികൾക്കിടയിൽ സംഘ്പരിവാർ വിരുദ്ധ ചേരി ശക്തിപ്പെടുന്നു. വിവിധ കാരണങ്ങളാൽ ഭിന്നിച്ച് നിന്നവരാണ് സംഘ് വിരുദ്ധതയിലൂന്നി ഐക്യപ്പെടുന്നത്. ഞായറാഴ്ച മലപ്പുറത്ത് നടക്കുന്ന സ്വതന്ത്ര ലോകം പത്താം വാർഷിക സെമിനാർ ഇവരുടെ കൂട്ടായ്മയായി മാറും.
സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസൻസ് ഗ്ലോബലിന്‍റേത് സംഘ് അനുകൂല നിലപാടാണെന്ന പ്രചാരണം ചർച്ചയായതോടെയാണ് എതിർ ചേരി രൂപപ്പെട്ടത്. സെപ്റ്റംബറിൽ എസൻസ് ഗ്ലോബൽ എന്ന പേരിൽ കൊച്ചിയിലും ആലപ്പുഴയിലും വെവ്വേറെ യോഗം ചേർന്നതോടെയാണ് സംഘടനയിലെ പിളർപ്പ് പുറത്തായത്. സി. രവിചന്ദ്രനാണ് എസൻസ് ഗ്ലോബലിന് നേതൃത്വം നൽകുന്നത്. ഡോ. സി. വിശ്വനാഥനാണ് സംഘ്വിരുദ്ധ കൂട്ടായ്മ നയിക്കുന്നത്.
സംഘടന ചട്ടക്കൂടുകളില്ലാത്ത മലപ്പുറം യുക്തിവാദി സംഘം, പാലക്കാട് യുക്തിവാദി സംഘം, എസൻസ് ഗ്ലോബൽ ആലപ്പുഴ, എസൻസ് ഗ്ലോബൽ വയനാട്, ചാനൽ 13.8 തുടങ്ങിയ സംഘടനകളാണ് സംഘ് വിരുദ്ധ ചേരിയിലുള്ളത്. ഇതിനിടെ സ്വതന്ത്ര ചിന്തകരുടെ മാതൃസംഘടനയായ 'എസൻസ്' പുനരുജ്ജീവിപ്പിക്കാൻ സ്ഥാപക നേതാക്കളിൽ ഒരാളായ സജീവൻ അന്തിക്കാടിന്‍റെ നേതൃത്വത്തിൽ ശ്രമം തുടങ്ങി.
പരമ്പരാഗത യുക്തിവാദ സംഘടനകളായ കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം എന്നിവ നിലവിൽ പക്ഷം പിടിച്ചിട്ടില്ല. സ്വതന്ത്ര ചിന്തകളിൽ ആകൃഷ്ടരാകുന്നവരെ അടവ് നയങ്ങളിലൂടെ സംഘ് അനുകൂല-വലതുപക്ഷ ചേരിയിലെത്തിക്കുന്നത് തിരിച്ചറിഞ്ഞവരാണ് മറുപക്ഷത്ത് ഒത്തുകൂടുന്നതെന്ന് എസൻസ് ഗ്ലോബൽ വിട്ടവർ പറയുന്നു. മത വിരുദ്ധത, നിരീശ്വരവാദം, ശാസ്ത്രീയ കാഴ്ചപ്പാട് എന്നിവ അടിസ്ഥാന മുദ്രാവാക്യമാക്കി പ്രവർത്തിക്കുന്നവർ ഭിന്ന നിലപാടുകളാൽ ഒന്നിലേറെ ഗ്രൂപ്പുകളായി പിരിഞ്ഞ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.