കെ റയിൽ പദ്ധതിക്കായി ആരിറങ്ങിയാലും സമരം ശക്തമായി തുടരുമെന്ന് സിൽവർ ലൈൻ വിരുദ്ധ സമിതി
text_fieldsതിരുവനന്തപുരം : കെ റയിൽ പദ്ധതിക്കായി ആരിറങ്ങിയാലും സമരം ശക്തമായി തുടരുമെന്ന് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. പാരിസ്ഥിതികമായും സാമ്പത്തികമായും ഇന്നത്തെ കേരളത്തിന് താങ്ങാനാകാത്ത പദ്ധതിയാണ് കെ റയിൽ സിൽവർ ലൈൻ. ദുരിതക്കയത്തിൽ നട്ടംതിരിയുന്ന കേരളത്തെ സമ്പൂർണ്ണമായി തകർക്കുന്ന ഈ പദ്ധതിക്കെതിരായ സമരം കേരളത്തിൻറെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ് എന്ന നിലപാടിൽ സമിതി ഉറച്ചുനിൽക്കുന്നു.
സമരസമിതി പ്രവർത്തിക്കുന്നത് ഈ പദ്ധതിക്കെതിരെയാണ്. അത് നടപ്പിലാക്കാൻ ഇറങ്ങുന്നത് ആരായാലും സമരം ശക്തമായി തുടരും. പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായം ആരാഞ്ഞ് റെയിൽവേ ബോർഡ് സതേൺ റെയിൽവേയ്ക്ക് അയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്. കേരളത്തിൻറെ ഭാവി റെയിൽവേ വികസനത്തിന് തന്നെ തടസം സൃഷ്ടിക്കുന്ന പദ്ധതിയായി മനസിലാക്കി സതേൺ റെയിൽവേ ഇതിനോട് പ്രതികരിക്കും എന്നാണ് സമിതി പ്രതീക്ഷിക്കുന്നത്.
രാജ്യത്തിൻറെ ഇതര ഭാഗങ്ങളിലേക്ക് കേരളത്തിലെ ജനങ്ങൾക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാവുന്ന മാർഗം എന്ന നിലയിൽ നിലവിലെ റെയിൽ പാതയോടൊപ്പം വേഗയാത്ര കൂടി സാധ്യമാക്കുയാണ് ആവശ്യം. തെക്ക് വടക്ക് പുതിയ ഒറ്റപ്പെട്ട എംബാങ്ക്മെന്റ് പാത നിർമിച്ച് കേരളത്തിന്റെ ട്രെയിൻ യാത്ര ചെലവേറിയതാക്കാനും നിലവിലെ സഞ്ചാരമാർഗങ്ങൾ എല്ലാം അടച്ച് റോഡ് യാത്രക്കാരെ ദുരിതത്തിൽ ആക്കാനുമുള്ള തീരുമാനത്തിൽ നിന്ന് കമ്പനിയും സർക്കാരും പിന്മാറണമെന്ന് സമിതി ആവശ്യപ്പെടുന്നു.
ജനങ്ങൾ എതിർക്കുന്ന സിൽവർ ലൈൻ പദ്ധതിക്കായി പാഴ് ചെലവുകൾ തുടരാതെ പദ്ധതി പിൻവലിച്ച് ജനക്ഷേമ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുക്കണമെന്ന് സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് ജനറൽ കൺവീനർ എസ്. രാജീവൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.